തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ അല്പശി ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട ഇന്ന് നടക്കും. രാത്രി ഉത്സവശ്രീബലിക്ക് ശേഷമാണ് വേട്ടയ്ക്ക് എഴുന്നെള്ളിക്കുക. ശ്രീപദ്മനാഭ സ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണ സ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറെ നടയിലൂടെ പുറത്തെഴുന്നെള്ളിക്കും. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിക്കും. നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തുന്നത്. അവിടെ പ്രത്യേകം സജ്ജീകരിച്ച വേട്ടക്കളത്തിനു മുന്നിൽ ഘോഷയാത്രയെത്തിയ ശേഷം രാജകുടുംബാംഗം പ്രതീകാത്മക പള്ളിവേട്ട നടത്തും. വേട്ടയ്ക്ക് ശേഷം വടക്കേ നടവഴി എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തും.
എട്ടാം ഉത്സവ നാളായ ഇന്നലെ വലിയകാണിക്ക ചടങ്ങ് നടന്നു. രാത്രി ശീവേലിക്കാണ് വലിയകാണിക്ക അർപ്പിച്ചത്. നാളെ ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടിയാണ് അല്പശി ഉത്സവത്തിന് സമാപനമാവുക. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറെ നടയിൽ നേരത്തെ എഴുന്നെള്ളിച്ച് നിറുത്തും. ശ്രീപദ്മനാഭസ്വാമി, തെക്കേടം നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴി എഴുന്നെള്ളിക്കും. മറ്റ് വിഗ്രഹങ്ങളും സംഗമിച്ചാണ് ആറാട്ട് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുക. ആറാട്ടിന് ശേഷം എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
തിരുവല്ലത്ത് ആറാട്ട് നാളെ: ബലിതർപ്പണം വൈകും
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ഭാഗമായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിൽ ആറാട്ട് നാളെ നടക്കും. രാവിലെ പതിവിൽ നിന്നുമാറി ക്ഷേത്രത്തിൽ ബലിതർപ്പണം 7 ന് ആരംഭിക്കും. പരശുരാമസ്വാമി, പരമശിവൻ എന്നീ വിഗ്രഹങ്ങളെയാണ് ശംഖുംമുഖത്തേക്ക് ആറാട്ടിന് എഴുന്നെള്ളിക്കുന്നത്. വൈകിട്ട് ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ പടിഞ്ഞാറെ നടയിൽ എഴുന്നെള്ളത്ത് എത്തും. ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ട് എഴുന്നെള്ളത്തുമായി ചേർന്ന് ശംഖുംമുഖം ആറാട്ട് കടവിലേക്ക് നീങ്ങും.