തിരുവനന്തപുരം : കർഷകരെ കടക്കെണിയിലും കൂട്ട ആത്മഹത്യയിലും തള്ളിവിടുന്ന ആർ.സി.ഇ.പി കരാറിൽ ഒപ്പുവയ്ക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്മാറണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മുസ്ളീം ലീഗ് പോഷകസംഘടനയായ സ്വതന്ത്ര കർഷക സംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ജി.പി.ഒ ഓഫീസ് ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റ് യൂനുസ് കുഞ്ഞ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ മാരായ പി.ഉബൈദുള്ള, എം.സി.ഖമറുദ്ദീൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് തോന്നയ്ക്കൽ ജമാൽ, നേതാക്കളായ കണിയാപുരം ഹലിം , ബീമാപള്ളി റഷീദ്, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് മൺവിള സൈനുദ്ദീൻ, ജനറൽ സെക്രട്ടറി എം.മാഹീൻ അബുബക്കർ, നേതാക്കളായ എം.കെ.എ റഹിം, അമീർ മൗലവി, പാട്ടറ ഷംസുദീൻ എന്നിവർ സംസാരിച്ചു.