രംഗം ഒാച്ചിറ ഗുരുകുലം. അവിടെ നടന്ന ഗുരുപൂജാ പരിപാടികൾ അവസാനിക്കുമ്പോൾ ആളുകൾക്ക് സംശയ നിവാരണത്തിനുള്ള അവസരം കൊടുത്തു.
ഒരാൾ : മരണാനന്തര ക്രിയകളെപ്പറ്റിയാണ് സംശയം. ലളിതമായ പ്രാർത്ഥനകൾ നടത്തി ശവം സംസ്കരിക്കുന്ന രീതി സ്വീകരിക്കുമ്പോൾ, അത് വലിയ തെറ്റാണെന്ന് തന്ത്രിമാരും മറ്റും പറയുന്നു. വിശദമായ പൂജകളും മറ്റും ചെയ്യണമെന്നതാണ് അവരുടെ മതം. ഏതാണ് ശരി?
'ഇതിൽ തെറ്റും ശരിയും ഇല്ല. 'മരണവുമില്ല പുറപ്പുമില്ല വാഴ്‌വും" എന്ന ഗുരുദർശനപ്രകാരം, ഇല്ലാത്ത മരണത്തിന് ശേഷം എന്ത് എന്നത് അർത്ഥമില്ലാത്ത ചോദ്യമാണ്.
'നിലവിലുള്ള ആചാരങ്ങളെ എത്ര ലളിതമാക്കാമെന്ന് നാരായണ സ്മൃതിയിൽ നാരായണ ഗുരു എടുത്തുപറഞ്ഞിരിക്കുന്നു. ആ ലളിതമായ ചടങ്ങുകൾപോലും അർത്ഥമില്ലാത്തതാണെന്ന് തോന്നുന്നവർ അതും ചെയ്യേണ്ടതില്ല എന്നുകൂടി ഗുരു പറയുന്നുണ്ട്. അതായത്, ശരിയായ തത്വരഹസ്യം അറിയാത്തവരുടെ മരണാനന്തര ക്രിയകളിൽ അർത്ഥം കാണുന്നത്. എല്ലാ മരണാനന്തര ക്രിയകളും തത്വപ്രകാരം ആവശ്യമില്ലാത്തതാണെന്നർത്ഥം. ആവശ്യമില്ലാത്തതും തെറ്റായ ധാരണയെ അടിസ്ഥാനമാക്കിയുള്ളതുമായ കർമ്മങ്ങളുടെ കാര്യത്തിൽ തെറ്റും ശരിയുമില്ല. കുറഞ്ഞ തെറ്റേത്, കൂടിയ തെറ്റേത് എന്നേ പറയാനാവൂ. ലളിതവും ചെലവുകുറഞ്ഞതും ആളുകൾക്ക് അസൗകാര്യമുണ്ടാക്കാത്തതുമായ ചടങ്ങുകളിൽ തെറ്റിന്റെ അളവ് കുറവാണെന്ന് പറയാം.
'ഇതൊക്കെ അർത്ഥമില്ലാത്തതാണെന്നറിയുന്ന പലരും, ഇൗ കർമ്മങ്ങളൊക്കെ വളരെ പണം മുടക്കി ചെയ്യിക്കാറുണ്ട്. നാട്ടുകാരുടെ പഴി പേടിച്ചായിരിക്കും. ഭാവിയിൽ കുടുംബത്തിലെന്തെങ്കിലും ആപത്തുണ്ടായാൽ, ഇത് സംഭവിച്ചത് അന്ന് ആ കർമ്മം ചെയ്യിക്കാതിരുന്നതുകൊണ്ടാണ്, എന്ന് ആരെങ്കിലും പറയാൻ ഇടവരാതിരിക്കുന്നതും അങ്ങനെ ചെയ്യുന്നതിന്റെ ഒരു പ്രയോജനമാണ്.
'ഇത്തരം പൂജകൾ നടത്തുന്നത് പരേതാത്മാവിന് വേണ്ടിയല്ല, ജീവിച്ചിരിക്കുന്നവരുടെ ആത്മാവിന് വേണ്ടിയാണ്.
'' 'ഇൗ ശരീരമാണ് ആത്മാവ്" എന്ന ഭാഗികമായ അറിവ് മാത്രം പ്രജാപതിയിൽ നിന്ന് വിരോചനൻ എന്ന അസുരരാജാവ് നേടി. എന്നിട്ട് അദ്ദേഹം അസുരലോകത്തെത്തി. ശരീരത്തെ പൂജിക്കാൻ അസുരന്മാരെ പഠിപ്പിച്ചു. അന്നുമുതലാണത്രെ ശവശരീരത്തെ പൂജിക്കുന്ന സമ്പ്രദായം നിലവിൽവന്നത്. ആ അസുരസംസ്കാരത്തിന്റെ തുടർച്ചയാണ് ഇന്നും നടക്കുന്ന ശവപൂജ.
'പ്രജാപതിയിൽ നിന്ന് പൂർണമായ അറിവ് നേടിയ ദേവേന്ദ്രൻ കണ്ടെത്തിയത്, ആത്മാവ് പൂജകൾക്കെല്ലാം അതീതമായതും സർവപ്രപഞ്ചവുമായി വിരിഞ്ഞുനിൽക്കുന്നതുമായ അദ്വയസത്യമാണ് എന്നാണ്.
'ഇപ്പറഞ്ഞ രണ്ട് മാർഗത്തിൽ ഏത് സ്വീകരിക്കുന്നതിനും സ്വാതന്ത്ര്യമുള്ള തരത്തിലാണ് മനുഷ്യൻ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.
'ശൈവ സമ്പ്രദായത്തിന്റെ ഭാഷയിൽ പറഞ്ഞാൽ, ശവത്തെയല്ല, ശിവത്തെയാണ് മനുഷ്യൻ പൂജിക്കേണ്ടത്.
'വിശദമായ പൂജകൾ തന്ത്രിമാരുടെ ഉപജീവനമാർഗമാണെന്നതും മറക്കരുത്."