harsha
ഹർഷകുമാർ

ഷോക്കേറ്റത് കോഴിക്കൂട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനിൽനിന്ന്

കിളിമാനൂർ: വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ലഭിച്ചതിന്റെ ആഹ്ലാദം കഴിയും മുമ്പേ,​ സ്വന്തം വീട്ടിലെ കോഴികളെ സംരക്ഷിക്കാൻ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനിൽനിന്ന് ഷോക്കേറ്റ് എ.എസ്.ഐ മരിച്ചു. തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെ പരിശീലകനായ വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തിൽ ഹർഷകുമാറാണ് (47) മരിച്ചത്.

വെള്ളിയാഴ്ച രാവിലെ എസ്.എ.പി ക്യാമ്പിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്നാണ് മെഡൽ ഏറ്റുവാങ്ങിയത്. ഇന്നലെ രാവിലെയായിരുന്നു ദുരന്തം. തെരുവുനായ്ക്കളിൽനിന്ന് കോഴികളെ രക്ഷിക്കാൻ കൂട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി കണക്ഷനിൽ നിന്നാണ് ഷോക്കേറ്റത്. രാവിലെ കോഴിക്ക് തീറ്റ കൊടുക്കുന്നതിനിടെ ആദ്യം ഭാര്യ സ്വപ്നകുമാരിക്കാണ് ഷോക്കേറ്റത്. ഭാര്യയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഹർഷകുമാറിനും ഷോക്കേറ്റത്. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഹർഷകുമാറിന്റെ ജീവൻ രക്ഷിക്കാനായില്ല.

രാവിലെ വൈദ്യുതി കണക്ഷന്റെ സ്വിച്ച് ഓഫ് ചെയ്യാൻ മറന്നതാണ് അപകടകാരണം. പ്രദേശത്ത് തെരുവു നായ്ക്കൾ വ്യാപകമായതിനെ തുടർന്നാണ് കോഴിക്കൂടിന് ചുറ്റും വൈദ്യുതി കണക്ഷൻ സ്ഥാപിച്ചത്. മക്കൾ: അമൃത, ആദിത്യ.

1998ൽ പൊലീസ് കോൺസ്റ്റബിളായി ജോലിയിൽ പ്രവേശിച്ച ഹർഷകുമാറിന് രണ്ട് വർഷം മുമ്പാണ് എ.എസ്.ഐയായി സ്ഥാനക്കയറ്റം ലഭിച്ചത്. തുടർന്ന് തൃശൂർ പൊലീസ് അക്കാഡമിയിൽ എത്തിയ ഹർഷകുമാർ അക്കാഡമി ഡയറക്ടർ എഡി.ജി.പി സന്ധ്യയുടെ സ്റ്റാഫിൽ അംഗമായി. അടുത്തിടെയാണ് തൈക്കാട് പൊലീസ് ട്രെയിനിംഗ് കോളേജിലെത്തിയത്.