panni

വിതുര : നാട്ടിലിറങ്ങുന്ന കാട്ടുപന്നികൾ ഗ്രാമപ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്നു. തൊളിക്കോട് - നന്ദിയോട് പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നാഗര, ഭദ്രംവച്ചപാറ, വട്ടപ്പൻകാട് മേഖലകളിൽ സന്ധ്യമയങ്ങിയാൽ പന്നികളുടെ വിളയാട്ടമാണ്. നാട്ടിലെ കൃഷിയിടങ്ങളിൽ വിഹരിക്കുന്ന കാട്ടുപന്നികൾ കൃഷികളെല്ലാം നശിപ്പിക്കുകയാണ്. പാട്ടത്തിനെടുത്ത ഭൂമിയിൽ ബാങ്കിൽ നിന്ന് വായ്പയെടുത്തും പലിശക്കെടുത്തും ചെയ്യുന്ന വാഴ, മരച്ചീനി, പച്ചക്കറി കൃഷികളെല്ലാം കാട്ടുപന്നികൾ പിഴുതെറിയുകയാണ്. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുള്ളതായി നാട്ടുകാർ പറയുന്നു. ആദിവാസി മേഖലകളിലെ അവസ്ഥയും വിഭിന്നമല്ല. വനപാലകർക്ക് നിരവധി തവണ പരാതി നൽകിയിട്ടും നടപടികൾ സ്വീകരിച്ചിട്ടില്ല.

ആക്രമണം തുടർക്കഥ
നാഗര - കാലങ്കാവ് - നന്ദിയോട് റൂട്ടിൽ രാത്രിയിൽ ബൈക്കുകളിൽ സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. അടുത്തിടെ പുലർച്ചെ ബൈക്കിൽ ടാപ്പിംഗിന് പോയ ആറ് പേരെ പന്നികൾ ആക്രമിച്ച് പരുക്കേൽപ്പിച്ചിരുന്നു. ഒരാൾ കൊല്ലപ്പെട്ടു. പന്നിയുടെ ആക്രമണത്തിൽ ബൈക്കിൽ സഞ്ചരിച്ച രണ്ട് വീട്ടമ്മമാർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്കിൽ നിന്നും വീണ് നട്ടെല്ല് തകർന്ന യുവാവ് ഇപ്പോഴും ചികിത്സയിലാണ്. പുലർച്ചെ പത്രവിതരണത്തിന് എത്തിയ ഏജന്റിനെ ചാരുപാറ വച്ച് പന്നി ആക്രമിക്കാൻ ശ്രമിച്ച സംഭവവും ഉണ്ടായി.

ആകർഷിച്ച് മാലിന്യക്കുന്നുകൾ
പൗൾട്രിഫാമുകളിൽ നിന്നുള്ള ഇറച്ചി വേസ്റ്റ് ചാക്കിലും പ്ലാസ്റ്റിക് കിറ്റുകളിലും നിറച്ച് രാത്രികാലങ്ങളിൽ നാഗര, ഭദ്രംവച്ചപാറ, വട്ടപ്പൻകാട് മേഖലകളിൽ കൊണ്ടിടുന്നുണ്ട്. മാലിന്യം തിന്നാൻ പന്നികൾ കൂട്ടമായെത്തുക പതിവാണ്. വിതുര ചാരുപാറ പൊൻമുടിവാലി പബ്ലിക് സ്കൂളിന് സമീപത്തും ചേന്നൻപാറ വളവിലും നിക്ഷേപിക്കുന്ന മാലിന്യവും കാട്ടുപന്നികളെ ആകർഷിക്കുന്നതായി നാട്ടുകാർ പറയുന്നു.
പന്നിശല്യം ഇവിടെ

നാഗര, ഭദ്രംവച്ചപാറ, കാലങ്കാവ്, പുളിച്ചാമല, ചാരുപാറ, മൂന്നാംനമ്പർ, പേരയം, മരുതാമല, ജഴ്സിഫാം, അടിപറമ്പ്, മണിതൂക്കി, ചാത്തൻകോട്, ചെമ്മാംകാല, കല്ലാർ, ആനപ്പാറ, പേപ്പാറ, പട്ടൻകുളിച്ചപാറ, കളീക്കൽ, പൊന്നാംചുണ്ട്, നരിക്കല്ല്, തലത്തൂതക്കാവ്, പുളിച്ചാമല, പരപ്പാറ, മേമല, പൊൻപാറ, വിനോബാനികേതൻ, ചെരുപ്പാണി, തേവിയോട്, മൂന്നാംനമ്പർ, മേമല, പൊടിയക്കാല, ആറാനക്കുഴി, ചണ്ണനിരവിട്ടം, ചാമക്കാല, പന്നിക്കുഴി, മണലി, ചെറ്റച്ചൽ കാലങ്കാവ്, വിനോബാനികേതൻ.