കിളിമാനൂർ: വന്യമൃഗങ്ങളിൽ നിന്നു രക്ഷനേടുന്നതിന് മനുഷ്യർ തീർക്കുന്ന ഇലക്ട്രിക് സുരക്ഷാ വേലികളിൽ തട്ടി പൊലിഞ്ഞത് നിരവധി മനുഷ്യ ജീവനുകളാണ്. ഇത്തരത്തിൽ കിളിമാനൂരിലും പരിസരങ്ങളിലും കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ പൊലിഞ്ഞത് നാല് പേരുടെ ജീവനാണ്. ഏറ്റവും ഒടുവിലേത്തത് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലെ കോഴിക്കൂട്ടിൽ സ്ഥാപിച്ചിരുന്ന വൈദ്യുതി ബന്ധത്തിൽ നിന്നും ഷോക്കേറ്റ് മരിച്ച വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തിൽ ഹർഷകുമാർ (47) ആണ്. പ്രദേശത്തെ തെരുവ് നായ ശല്യം രൂക്ഷമായതോടെ അവയിൽ നിന്നു രക്ഷനേടാൻ കോഴിക്കൂടിൽ വൈദ്യുതി കമ്പി സ്ഥാപിക്കുകയായിരുന്നു. ഇതിൽ തട്ടി ഹർഷകുമാറിന്റെ ഭാര്യ സ്വപ്നകുമാരിക്ക് ഷോക്കേൽക്കുകയും രക്ഷിക്കുന്നതിനിടെ ഷോക്കേറ്റാണ് ഹർഷകുമാർ മരിച്ചത്. മറ്റുള്ള മരണങ്ങൾ എല്ലാം കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളിൽ നിന്ന് രക്ഷ നേടുന്നതിന് തീർത്ത സുരക്ഷാ വേലികളിൽ നിന്നായിരുന്നു. നാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയപ്പോഴാണ് നിയമ വിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ തിരിഞ്ഞത്. ഒരു മാസം മുൻപ് വെഞ്ഞാറമൂട് മൂന്നാനക്കുഴി കള്ളിക്കാട് വീട്ടിൽ സുരേന്ദ്രൻ ഇത്തരത്തിൽ മരിച്ചു. സമീപത്തുള്ള പറമ്പിൽ പന്നിയെ വീഴ്ത്തുന്നതിന് വേണ്ടി സ്ഥാപിച്ച എർത്ത് കമ്പിയിൽ തട്ടിയായിരുന്നു മരണം സംഭവിച്ചത്. എന്നാൽ ആദ്യം വീട്ടിൽ നിന്ന് ഷോക്കേറ്റതാണെന്നു പറഞ്ഞ് പ്രതികൾ സുരേന്ദ്രനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മരണം പന്നിയെ വീഴ്ത്താൻ സ്ഥാപിച്ച ഇലക്ട്രിക് കെണിയിൽ നിന്നാണെന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം കല്ലറ തറട്ടയിൽ ടി.കെ. മന്ദിരത്തിൽ കൃഷ്ണപിള്ളയുടെ മരണവും ഇത്തരത്തിൽ കൃഷിയിടത്തിൽ പന്നി കയറാതിരിക്കാൻ ഒരുക്കിയ വൈദ്യുതി കെണിയിൽ നിന്നു ഷോക്കേറ്റായിരുന്നു. ഇക്കഴിഞ്ഞ 29 ന് പുല്ലമ്പാറ കൂനൻ വേങ്ങ തെള്ളിക്കച്ചാൽ അറ്റരികത്ത് വീട്ടിൽ കുട്ടപ്പന്റെ ഭാര്യ ശാന്ത (52) കടയിൽ നിന്ന് സാധനം വാങ്ങി വീട്ടിലേക്കു മടങ്ങവെ, കൈയിലിരുന്ന സാധനം താഴെക്ക് വീഴുകയും അത് കുനിഞ്ഞ് എടുക്കുന്നതിനിടയിൽ വഴിയോരത്തെ കൃഷിയിടത്തിൽ നിന്നു ഷോക്കേറ്റു മരിക്കുകയുമായിരുന്നു. നിരന്തരം ഇത്തരത്തിൽ അപകടം ഉണ്ടാകുന്ന സാഹചര്യത്തിൽ വനം വകുപ്പും, കെ.എസ്.ഇ.ബിയും ജാഗ്രത പുലർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ 2 മാസത്തിനിടെ പൊലിഞ്ഞത് 4 ജീവനുകൾ
1. ഇരുമ്പ് കമ്പികളിൽ വൈദ്യുതി കടത്തിവിട്ടാണ് എർത്ത് സ്ഥാപിക്കുന്നത്
2.നാട്ടിൽ വന്യമൃഗങ്ങളുടെ ശല്യം കൂടിയപ്പോഴാണ് ഇത്തരം പ്രവർത്തനങ്ങളിലേക്ക് ജനങ്ങൾ തിരിഞ്ഞത്.
3.അതിരാവിലെ ടാപ്പിംഗിനും മറ്റും പോകുന്നവരാണ് അപകടത്തിൽ പെടുന്നത്.
4. ഇത് നിയമ വിരുദ്ധവും അത്യന്തം അപകടകരവുമാണ്
5.ഇത്തരത്തിൽ സ്ഥാപിക്കുന്ന വേലികളിൽ തട്ടി ആർക്കെങ്കിലും മരണം സംഭവിച്ചാൽ ഇന്ത്യൻ ശിക്ഷാ നിയമം 304 അനുസരിച്ച് മനപ്പൂർവം അല്ലാതെയുള്ള നരഹത്യയ്ക്ക് കേസെടുക്കാവുന്നതാണ്.
പ്രതികരണം....വനത്തോട് ചേർന്നുള്ള പ്രദേശങ്ങളിൽ വനം വകുപ്പ് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നുണ്ട്. ഇത് അപായമുള്ളതല്ല. നാട്ടിൻ പുറങ്ങളിൽ ഇലക്ട്രിക് വേലി സ്ഥാപിക്കാൻ വനം വകുപ്പ് അനുമതി നൽകിയിട്ടില്ല. ഇത്തരത്തിൽ അപകടം ഉണ്ടായാൽ കുറ്റക്കാർക്കെതിരെ പൊലീസ് നരഹത്യക്കാണ് കേസ് എടുക്കുക.-അജിത് കുമാർ, ഫോറസ്റ്റ് പാലോട് റേഞ്ച് ഓഫിസർ.