വിതുര: ഒടുവിൽ ഒരാഴ്ചക്ക് ശേഷം ശാസ്താംകാവിലെ പൈപ്പുകളിൽ കുടിവെള്ളമെത്തി. വിതുര പഞ്ചായത്തിലെ ഗണപതിയാംകോട് വാർഡിലെ ശാസ്താംകാവ് നിവാസികൾ കഴിഞ്ഞ ഒരാഴ്ചയായി കുടിവെള്ളത്തിനായി കാത്തിരിക്കുകയായിരുന്നു. പ്രദേശമാകെ മഴ തിമിർത്തുപെയ്തിട്ടും വാമനപുരം നദി ഒാരത്തുകൂടി നിറഞ്ഞൊഴുകിയിട്ടും വാട്ടർ അതോറിട്ടി മാത്രം കനിഞ്ഞില്ല. ഇവിടെ ഹൗസ് കണക്ഷൻ എടുത്തിട്ടുള്ള നിരവധി ഉപഭോക്താക്കൾക്കാണ് പൈപ്പ് ജലം ലഭിക്കാതിരുന്നത്. പ്രശ്നം വാട്ടർ അതോറിട്ടിയുടെ ശ്രദ്ധയിൽ പെടുത്തിയെങ്കിലും ഫലം കണ്ടില്ല. പ്രദേശത്ത്കുടിവെള്ളം ലഭിക്കാതെ നാട്ടുകാർ നെട്ടോട്ടമോടിയപ്പോൾ തൊട്ടടുത്ത് പൈപ്പിന്റെ ടാപ്പ് ഇളകി മാറി കുടിവെള്ളം പാഴായി ഒഴുകുകയായിരുന്നു. ആറ് ദിവസം റോഡിലൂടെ മഴവെള്ളത്തോടൊപ്പം കുടിവെള്ളവും ഒഴുകി. കഴിഞ്ഞ ദിവസം ശാസ്താംകാവ് നിവാസികൾ കുടിവെള്ളത്തിനായി പരക്കം പായുന്നുവെന്ന് ചൂണ്ടിക്കാട്ടി കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് വാട്ടർഅതോറിട്ടി അധികൃതർ സ്ഥലത്തെത്തുകയും പൊട്ടിയ ടാപ്പ് നന്നാക്കുകയും ചെയ്തു. ഇതോടെ ശാസ്താംകാവിൽ കുടിവെള്ള വിതരണം പുനസ്ഥാപിച്ചു. വിതുര മേഖലയിൽ മറ്റ് ഭാഗങ്ങളിൽ പൊട്ടി ഒഴുകുന്ന പൈപ്പുകളും എത്രയും പെട്ടന്ന് നന്നാക്കുമെന്ന് വാട്ടർഅതോറിട്ടി അധികൃതർ അറിയിച്ചു. കാലപ്പഴക്കം ചെന്ന പൈപ്പുകളാണ് അടിക്കടി പൊട്ടുന്നത്. വിതുര-തൊളിക്കോട് ശുദ്ധജല പദ്ധതി നടപ്പിൽ വരുന്നതോടെ പ്രശ്നത്തിന് ശാശ്വത പരിഹാരം ആകുമെന്നും ജലഅതോറിട്ടി ഉദ്യോഗസ്ഥർ അറിയിച്ചു. ശാസ്താംകാവിലെ കുടിവെള്ളപ്രശ്നം ചൂണ്ടിക്കാട്ടി വാർത്ത പ്രസിദ്ധീകരിച്ച കേരളകൗമുദിക്ക് ശാസ്താംകാവ് റസിഡന്റ് അസോസിയേഷൻ ഭാരവാഹികൾ നന്ദി രേഖപ്പെടുത്തി.