harsha

കിളിമാനൂർ: അനുമോദനങ്ങളുമായി എത്തേണ്ടിടത്ത് അനുശോചനവുമായി എത്തേണ്ടി വന്നതിന്റെ വിങ്ങലിലാണ് ആലിയാട് നിവാസികൾ. എന്തിനും ഏതിനും തങ്ങൾക്കൊപ്പം ഉണ്ടായിരുന്ന ഹർഷകുമാർ സാറിന്റെ വിയോഗത്തിൽ സ്തബ്ധരായിരിക്കുകയാണ് അവർ. ഔദ്യോഗിക, സാമൂഹിക കാര്യങ്ങളിൽ നിറസാന്നിധ്യമായിരുന്ന ഹർഷകുമാറിന് കിട്ടിയ അംഗീകാരത്തിൽ സന്തോഷിച്ചിരിക്കയാണ് വിധി ഈ രൂപത്തിൽ എത്തിയത്. പാറയ്ക്കൽ എൻ.എസ്.എസ് ശാഖാ സെക്രട്ടറി കൂടിയായ ഹർഷകുമാർ ഒഴിവു ദിനങ്ങളിൽ നാട്ടുകാരെ സഹായിക്കാനും ഉത്സുകനായിരുന്നു. കൃഷിപ്പണി, വയറിംഗ്, മോസ്തിരിപ്പണി എന്നിങ്ങനെ എന്ത് ആവശ്യത്തിനും ഓടിയെത്തുന്ന ആളായിരുന്നു ഹർഷകുമാർ. വെള്ളിയാഴ്ച രാത്രി 8 ഓടെ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള മെഡൽ നേടിയ ഹർഷകുമാറിനെ മണിക്കൂറുകൾക്കകം മരണം തട്ടിയെടുക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ കോഴിക്കൂട്ടിൽ സ്ഥാപിച്ച വൈദ്യുതി കണക്ഷനിൽ തട്ടി ഷോക്കേറ്റ ഭാര്യ സ്വപ്നകുമാരിയെ രക്ഷിക്കുന്നതിനിടെയാണ് ഹർഷകുമാറിന് ഷോക്കേറ്റത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഷോക്കേറ്റു വീണ് വാരിയെല്ലിന് പരിക്കേറ്റ സ്വപ്നകുമാരി ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്ത് തെരുവ് നായ്ക്കളുടെ ശല്യം രൂക്ഷമാകുകയും കോഴികളെ കൊല്ലുന്നത് പതിവായതോടെയാണ് കോഴിക്കൂട്ടിൽ വൈദ്യുതി കണക്ഷൻ സ്ഥാപിച്ചത്. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു. എ.ഡി.ജി.പി ബി. സന്ധ്യ, എസ്.പി. അശോക്, പാലോട് രവി എന്നിവർ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ അന്ത്യമോപചാരം അർപ്പിച്ചു. വെഞ്ഞാറമൂട് ആലിയാട് ശ്രീനിലയത്തിൽ പരേതനായ സഹദേവൻ നായരുടെയുടെയും പങ്കജാക്ഷി അമ്മയുടെയും മകനാണ് ഹർഷകുമാർ.

പത്തും എട്ടും ക്ലാസുകളിലെ വിദ്യാർത്ഥികളായ അമൃത, ആദിത്യ എന്നിവർ മക്കളാണ്.