തിരുവനന്തപുരം : ബീഡി വലിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് മകൻ അമ്മയെ തല്ലിച്ചതച്ചു. ഗുരുതരമായി പരിക്കേറ്റ ഐരാണിമുട്ടം കല്ലുവിള പുത്തൻവീട്ടിൽ ഗോമതിയെ (70) മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാനസികരോഗിയായ മകൻ രാജീവ് (53) പിടിയിലായി. സർജറി ഐ.സിയുവിൽ കഴിയുന്ന ഗോമതിയുടെ തലച്ചോറിൽ രക്തസ്രവമുണ്ട്, ഇടതുകണ്ണിനും എല്ലുകൾക്കും സാരമായി പരിക്കേറ്റു. ഇവരെ ഉടൻ ശസ്ത്രക്രിയ്ക്ക് വിധേയമാക്കുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. രാജീവ് വർഷങ്ങളായി ചികിത്സയിലാണ്. ഇന്നലെ രാവിലെ വീട്ടിലിരുന്ന് ബീഡി വലിച്ചത് അമ്മ ഗോമതി ചോദ്യം ചെയ്യുകയും ബീഡി വാങ്ങി വലിച്ചെറിയുകയും ചെയ്തു. പ്രകോപിതനായ രാജീവ് സമീപത്തിരുന്ന വെറ്റില ചതയ്ക്കുന്ന കല്ലെടുത്ത് ഗോമതിയുടെ തലയ്ക്കടിച്ചു. മാരകമായി മർദ്ദിച്ചു. ഗോമതിയുടെ നിലവിളികേട്ട് വീട്ടിൽ ജോലിക്കെത്തുന്ന അയൽവാസി സ്ത്രീ ഓടിയെത്തിയെങ്കിലും അവരെയും മർദ്ദിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഫോർട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.