കിളിമാനൂർ: പരാധീനതകൾ നിറഞ്ഞൊരു മിനി സിവിൽ സ്റ്റേഷൻ. കിളിമാനൂരിലെ വിവിധ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലാക്കി പൊലീസ് സ്റ്റേഷന് സമീപം മിനി സിവിൽ സറ്റേഷൻ സ്ഥാപിച്ചപോൾ ജനങ്ങൾ ഏറെ ആശ്വസിച്ചു. പത്തോളം സർക്കാർ ഓഫിസുകൾ പ്രവർത്തിക്കുന്ന ഇവിടെ പ്രായമായവർ ഉൾപ്പെടെ വാഹനങ്ങളിൽ വന്നിറങ്ങുമ്പോൾ മഴക്കാലത്താണങ്കിൽ മുഴുവൻ മഴയും നനഞ്ഞേ അകത്തേക്ക് പ്രവേശിക്കാൻ പറ്റൂ. സിവിൽ സ്റ്റേഷന്റെ പോർട്ടിക്കോവിൽ നിറയെ ജീവനക്കാരുടെ വാഹങ്ങൾ നിരത്തി വച്ചിരിക്കുന്നതിനാൽ ഇതിനകത്തേക്ക് ഓട്ടോകളിൽ ഉൾപ്പെടെ എത്തുന്നവർക്ക് കെട്ടിടത്തിന്റെ പുറത്ത് ഇറങ്ങേണ്ട അവസ്ഥയാണ്. കെട്ടിടത്തിന് ചുറ്റുമായി ധാരാളം സ്ഥലങ്ങൾ കാടുപിടിച്ച് കിടക്കുമ്പോഴാണ് വാഹനങ്ങൾക്ക് പാർക്കിംഗ് ഒരുക്കാതെ വേലി തന്നെ വിളവ് തിന്നുന്നത്. മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കുമ്പോൾ തന്നെ ലിഫ്റ്റ് സ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും സ്ഥാപിക്കാത്തതിനാൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലകളിൽ സ്ഥിതി ചെയ്യുന്ന വിവിധ ഓഫിസുകളിൽ വിവിധ ആവശ്യങ്ങൾക്ക് എത്തേണ്ടവരും ഏറെ ബുദ്ധിമുട്ടിലാണ്.