hepatology-department

തിരുവനന്തപുരം: വർദ്ധിച്ചുവരുന്ന കരൾ രോഗത്തെ പ്രതിരോധിക്കുന്നതിന് സംസ്ഥാനത്ത് ആദ്യമായി ഹെപ്പറ്റോളജി യൂണിറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുറക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

ഗാസ്‌ട്രോ എൻട്രോളജി വിഭാഗത്തിന്റെ കീഴിലുള്ള ഈ യൂണിറ്റ് പ്രവ‌ർത്തനക്ഷമമാകുന്നതോടെ മെഡിക്കൽ കോളേജിൽ കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയ പുനരാരംഭിക്കും. ഇതിന്റെ ഭാഗമായി ഒരു പ്രൊഫസർ , ഒരു അസി. പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കും. വിവിധ കരൾ രോഗങ്ങളുടെ നിർണയവും ചികിത്സയും നടത്തുന്ന പ്രത്യേക വിഭാഗമാണ് ഹെപ്പറ്റോളജി. യൂണിറ്റിന് കീഴിൽ ഭാവിയിൽ ഹെപ്പറ്റോളജി ഡി.എം. കോഴ്‌സും തുടങ്ങും.

ഗാസ്‌ട്രോ എന്ററോളജി വിഭാഗം ഒ.പി.യിൽ ചികിത്സ തേടുന്ന 50 - 60 ശതമാനം പേരും ഐ.പി.യിൽ ചികിത്സിക്കുന്ന 75 - 80 ശതമാനം പേരും കരൾ രോഗികളാണ്. ഗുരുതര കരൾ രോഗം കാരണമാണ് ഈ വിഭാഗത്തിൽ ചികിത്സയിൽ കഴിയുന്നവരിൽ 90 ശതമാനം പേരും മരിക്കുന്നത് . ആരംഭത്തിൽ തന്നെ ഫാറ്റി ലിവർ ഉൾപ്പെടെയുള്ള കരൾ രോഗങ്ങൾ ചികിത്സിച്ചാൽ പൂർണമായും ഭേദമാക്കാനാണ് ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്.

കരൾ രോഗം

പെരുകുന്നു

അമിതമായ കൊഴുപ്പുള്ള ആഹാരങ്ങൾ, വ്യായാമമില്ലായ്മ, അമിതവണ്ണം, കൊളസ്‌ട്രോൾ, പ്രമേഹം, മഞ്ഞപ്പിത്തം, വൈറസ് മൂലം കരളിലുണ്ടാകുന്ന തകരാറുകൾ ,മദ്യപാനംഎന്നിവയാണ് കരൾരോഗത്തിന് കാരണം. ജീവിതശൈലി രോഗങ്ങൾ നോൺ ആൾക്കഹോളിക്ക് ഫാറ്റി ലിവർ ഉണ്ടാക്കുന്നു. ഫാറ്റി ലിവർ കാരണം ലിവർ സിറോസിസ്, കാൻസർ തുടങ്ങിയ മാരക രോഗങ്ങളുണ്ടാകുന്നതായും ‌ഡോക്ടർമാർ പറയുന്നു