മലയിൻകീഴ്: വാളയാറിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ക്ലാസ് മുറിയിൽ പോസ്റ്റർ പതിച്ച വിളവൂർക്കൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ പ്രിൻസിപ്പലിന്റെ കാബിനിലെത്തി ചർച്ച നടത്തി. എന്നാൽ സ്പെഷ്യൽ പി.ടി.എ യോഗം ചേർന്ന് പ്രിൻസിപ്പലിന്റെ തീരുമാനത്തിന് പൂർണ പിന്തുണ നൽകി. ജസ്റ്റിസ് ഫോർ വാളയാർ സിസ്റ്റേഴ്സ് ' സംഭവത്തിൽ ഉൾപ്പെട്ട ആദിത്യ സുനിൽ, പ്രണവ് എന്നിവരുടെ രക്ഷിതാക്കളെ പ്രിൻസിപ്പൽ ഇന്നലെ സ്കൂളിൽ വിളിപ്പിച്ചത് സ്വാധീനിക്കാനാണെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. കാർട്ടൂൺ വരച്ച സൂര്യനാരായണന്റെ രക്ഷിതാക്കളെ സ്കൂൾ അധികൃതർ വിളിപ്പിച്ചിരുന്നില്ല. വാളയാറിൽ പീഡനത്തിനിരയായി മരിച്ച രണ്ട് ദളിത് പെൺകുട്ടികൾക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് മൂന്ന് പ്ലസ് ടു വിദ്യാർത്ഥികളാണ് ക്ലാസ് മുറിയിൽ കാർട്ടൂൺ പതിച്ചത്. സംഭവത്തിൽ ക്ഷുഭിതയായ അദ്ധ്യാപിക നൽകിയ റിപ്പോർട്ട് അനുസരിച്ചാണ് പ്രിൻസിപ്പൽ ഇവരെ കഴിഞ്ഞ ദിവസം സസ്‌പെന്റ് ചെയ്തത്. ആർ.എസ്.എസ് പ്രാദേശിക നേതാക്കളായ ഷിബു, വിഷ്ണു, ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ടി.പി. വിശാഖ്, ട്രഷറർ കുന്നുവിള സുധീഷ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അഭിലാഷ്, അനി, വാർഡ് അംഗങ്ങളായ പ്രസാദ്, ഷീജ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തകർ ഇന്നലെ രാവിലെ പ്രിൻസിപ്പലിന്റെ മുറിയിലെത്തിയത്. മലയിൻകീഴ് എസ്.ഐ സൈജുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തിയിരുന്നു. സസ്‌പെന്റ് ചെയ്ത മൂന്ന് വിദ്യാർത്ഥികളെയും തിങ്കളാഴ്ച ക്ലാസിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ബി.ജെ.പി-ആർ.എസ്.എസ് നേതാക്കൾ മുന്നറിയിപ്പു നൽകിയാണ് പിരിഞ്ഞു പോയത്.