തിരുവനന്തപുരം : പതിനഞ്ചുവയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എസ്.ഐക്ക് കുത്തേറ്റു. ഫോർട്ട് പൊലീസ് സ്റ്റേഷനിലെ എസ്.ഐ വിമലിനാണ് കുത്തേറ്റത്. കൈക്ക് പരിക്കേറ്റ എസ്.ഐയെ ഫോർട്ട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് ആറരയോടെ കരിമഠം കോളനിയിലായിരുന്നു സംഭവം. പെൺകുട്ടിയുടെയും വീട്ടുകാരുടെയും പരാതിയിൽ കേസെടുത്ത ശേഷം എസ്.ഐയുൾപ്പെടെ ആറംഗ സംഘം കരിമഠം കോളനിയിൽ താമസിക്കുന്ന പ്രതിയായ കുഞ്ഞുമോനെന്നു വിളിക്കുന്ന നിയാസിനെ പിടികൂടാൻ എത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ എതിർപ്പുമായെത്തിയത്. തുടർന്ന് പ്രതിയെ രക്ഷപ്പെടുത്താൻ ശ്രമം നടത്തി. ഇതിനിടെ നിയാസ് ബിയർകുപ്പി പൊട്ടിച്ച് സ്വന്തം ശരീരത്തിലും തലയിലും വരഞ്ഞ് മുറിവേൽപ്പിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. രക്തം എസ്.ഐയുടെ കൈയിലും പുരട്ടാൻ ശ്രമിച്ചു. ഇതിനിടെയാണ് ഇയാൾ കുപ്പികൊണ്ട് എസ്.ഐയുടെ കൈയ്ക്ക് കുത്തി പരിക്കേൽപ്പിച്ചതെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ നിയാസിന്റെ അച്ഛൻ തങ്ങൾകുഞ്ഞ്, സുഹൃത്ത് സുഭാഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബഹളത്തിനിടെ നിയാസ് സംഭവ സ്ഥലത്ത് നിന്നു രക്ഷപ്പെട്ടു. ഇയാൾക്കായി പൊലീസ് തെരച്ചിൽ ഊർജിതമാക്കി. വിവിധ സ്റ്റേഷനുകളിൽ നിന്നു കൂടുതൽ പൊലീസ് സ്ഥലത്തെത്തിയാണ് എസ്.ഐയെയും സംഘത്തെയും കോളനിയിൽ നിന്നു പുറത്തെത്തിച്ചത്. കഞ്ചാവു കേസിൽ പ്രതിയായ നിയാസിനെ മുമ്പു ഫോർട്ട് സി.ഐ പിടികൂടിയപ്പോഴും പൊലീസിനെതിരെ ആക്രമണമുണ്ടായിരുന്നു.