തിരുവനന്തപുരം: അഭിമുഖ പരീക്ഷയിൽ വിവാദ മാർക്ക്ദാനം സൃഷ്ടിച്ച സംസ്ഥാന ആസൂത്രണ ബോർഡിലെ ചീഫ് സോഷ്യൽ സർവീസ്, പ്ലാൻ കോ-ഒാർഡിനേഷൻ, വികേന്ദ്രീകൃത പ്ലാനിംഗ് തസ്തികകളിൽ പി.എസ്.സി നിയമനം തടഞ്ഞുകൊണ്ട് കേരള അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണൽ

ഉത്തരവായി.

ഇടതു സർവ്വീസ് സംഘടനാപ്രവർത്തകർക്കു ചട്ടവിരുദ്ധമായി മാർക്ക് വാരിക്കോരി നൽകിയെന്നും, യോഗ്യരായ മറ്റു ഉദ്യോഗാർത്ഥികളെ മന:പ്പൂർവ്വം ഒഴിവാക്കിയെന്നും ആരോപിച്ച് ഒന്നാംറാങ്ക് ജേതാവുൾപ്പെടെയുള്ള ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ഉത്തരവ്. ഹർജിയിൽ തീർപ്പാകുന്നത് വരെയാണ് നിയമനത്തിന് വിലക്ക്.

ചീഫ് സോഷ്യൽ സർവീസ് തസ്തികയുടെ അഭിമുഖ പരീക്ഷയിൽ ഇടതു സംഘടനാ പ്രവർത്തകർക്കു 40ൽ 36 മാർക്ക് നൽകിയതാണ് പരാതിക്കിടയാക്കിയത്.എഴുത്ത് പരീക്ഷയിലെ ഒന്നാം റാങ്കുകാരിക്ക് അഭിമുഖത്തിൽ 11 മാർക്ക് മാത്രമാണ് നൽകിയത്. കുറഞ്ഞ മാർക്ക് ലഭിച്ച ഇടതുസംഘടനാ പ്രവർത്തകർക്ക് അഭിമുഖ പരീക്ഷയിൽ പരമാവധി മാർക്ക് നൽകി റാങ്ക് പട്ടികയിൽ മുന്നിലെത്തിച്ചെന്നാണ് ആരോപണം. ചീഫ് പ്ലാനിംഗ് കോ-ഒാർഡിനേഷൻ തസ്തികയിൽ അഭിമുഖപരീക്ഷയിൽ ഒരു ഉദ്യോഗാർത്ഥിക്കു 40 ൽ 38 മാർക്ക് വരെ നൽകി. ഇതു സുപ്രീം കോടതി വിധികളുടെയും പിഎസ് സി സർക്കുലറുകളുടെയും ലംഘനമാണെന്ന ഹർജിക്കാരുടെ വാദം അംഗീകരിച്ചാണ് വിധി. .കേസ് ഇനി നവംബർ 8നു പരിഗണിക്കും.

പി.എസ്.സി. നടപടികളിൽ ക്രമക്കേടുണ്ടായെന്ന ആരോപണം ശരിവയ്ക്കുന്നതാണ് ട്രൈബ്യൂണൽ വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.