തിരുവനന്തപുരം : ഓണാഘോഷത്തിൽപ്പോലും സങ്കുചിത ചിന്ത ഉയർന്നുവരുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശ്രീചിത്തിര തിരുനാൾ സ്മാരക സംഗീത നാട്യകലാ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളി ഹാളിൽ നടന്ന അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ ആറാം ദിന പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുകൂട്ടർ ഓണം തങ്ങളുടേതാണെന്ന് പറയുമ്പോൾ മറ്റൊരു കൂട്ടർ പറയുന്നത് ഓണം ആഘോഷിക്കില്ലെന്നാണ്. സങ്കുചിത ചിന്തകൾ വെടിഞ്ഞ് നാട് ഒത്തൊരുമിച്ച് ആഘോഷിക്കുമ്പോൾ മാത്രമേ ഓരോ ഉത്സവവും അർത്ഥപൂർണമാകൂവെന്നും അദ്ദേഹം പറഞ്ഞു. ചീഫ് കോ ഓർഡിനേറ്റർ ശോഭന ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ ഡോ. ബിജുരമേശ്, സുനിത സെയിൽസ് പ്രൈവറ്റ് ലിമിറ്റഡ് ചെയർമാൻ പി.എൻ. ജോബ്, കേരള ചേംബർ ഒഫ് കൊമേഴ്‌സ് പ്രസിഡന്റ് ഷിബു പ്രഭാകർ, കലാക്ഷേത്രം വിലാസിനി ടീച്ചർ, ഡോ .ജി.രാജ്‌മോഹൻ എന്നിവർ പങ്കെടുത്തു. ടെലിവിഷൻ അവാർഡ് ജേതാവ് സ്വാസ്തിക ബി. മനോജിനെ ചടങ്ങിൽ ആദരിച്ചു.