മരണ കാരണം തലക്കേറ്റ ക്ഷതം
തിരുവനന്തപുരം: കരമന കൂടത്തിൽ തറവാട്ടിലെ അവസാന അവകാശിയായിരുന്ന ജയമാധവൻ നായരുടെ മരണ കാരണം . തലയ്ക്ക് പിന്നിലേറ്റ ക്ഷതമാണെന്ന് സ്ഥിരീകരിച്ചതായി ഡി.സി.പി മുഹമ്മദ് ആരിഫ് പറഞ്ഞു.
മുഖത്തും മുറിവുകളുണ്ടായിരുന്നു. ഈ മുറിവുകൾ എങ്ങനെയുണ്ടായെന്നാണ് പരിശോധിക്കുന്നത്. ഇതിന് വിദഗ്ദ്ധരുടെ സഹായം തേടിയിട്ടുണ്ട് ജയമാധവൻ നായരുടെ മരണം കൊലപാതകണമാണോ എന്ന സംശയം പൊലീസിനുണ്ട്. പോസ്റ്റുമാർട്ടം സംബന്ധിച്ച വിശദമായ മെഡിക്കൽ റിപ്പോർട്ടും പരിശോധിക്കുന്നുണ്ട്. . കേസിൽ ഉൾപ്പെട്ടവരെ വിശദമായി ചോദ്യംചെയ്യും.
2017 ഏപ്രിൽ രണ്ടിന് വീടിനുള്ളിൽ തറയിൽ കമഴ്ന്ന് കിടക്കുന്ന നിലയിലാണ് ജയമാധവൻ നായരെ കണ്ടെത്തിയതാണ് സാക്ഷിമൊഴി. കട്ടിളയിൽ തട്ടി വീണാണ് ജയമാധവൻ നായർ മരിച്ചതെന്നാണ് ആദ്യം സ്ഥലത്തെത്തിയ കാര്യസ്ഥൻ രവീന്ദ്രൻനായർ പ്രദേശവാസികളോട് പറഞ്ഞിരുന്നത്.
കൂടത്തിൽ തറവാട്ടിൽ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധന നടത്തി. ഇവിടെ സൂക്ഷിച്ചിരുന്ന നിരവധി രേഖകളും ശേഖരിച്ചു.ജയമാധവൻനായർക്ക് അപകടം നടന്ന ശേഷം ആദ്യം സ്ഥലത്തെത്തിയ മുൻ കാര്യസ്ഥ്യൻ രവീന്ദ്റൻ നായരേയും വീട്ടു ജോലിക്കാരിയായിരുന്ന ലീലയേയും പോലീസ് വിളിച്ച് വരുത്തിയിരുന്നു. . ഇവരുടെ മൊഴികൾക്കനുസരിച്ചാണ് ജയമാധവൻ നായർ മരിച്ച് കിടന്ന സ്ഥലത്തും തലതട്ടിയെന്ന് പറയുന്ന സ്ഥലത്തുമെല്ലാം പരിശോധന നടത്തിയത്. അകത്തെ മുറികളിൽ സൂക്ഷിച്ചിരുന്ന പഴയ നിരവധി രേഖകൾ പൊലീസ് ശേഖരിച്ചു.
സ്വത്ത് തർക്കമാണ് മരണങ്ങൾ സംബന്ധിച്ച് ഇപ്പോൾ വീണ്ടും പരാതിയിലേക്കെത്തിയത്. ഇവിടത്തെ അന്തേവാസികളുടെ സ്വത്തുക്കൾ സംബന്ധിച്ച് ബന്ധുക്കൾക്ക് പോലും അറിയില്ല. .കേസിൽ ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ വീട്ടിൽ നിന്ന് കഴിഞ്ഞദിവസം പിടിച്ചെടുത്ത രേഖകളും അന്വേഷണ സംഘം പരിശോധിക്കുന്നു..ഡി.സി.പി മുഹമ്മദ് ആരിഫ്, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി സന്തോഷ്‌കുമാർ, കരമന സി.ഐ ഷാജികുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.