തിരുവനന്തപുരം: കൂടത്തിൽ തറവാട്ടിൽ മരണമടഞ്ഞ ജയമാധവൻ നായരുടെ ചികിത്സാ രേഖകളും വസ്ത്രങ്ങളും കത്തിച്ചുകളഞ്ഞതായി പൊലീസ് കണ്ടെത്തി. തലയ്ക്കും മുഖത്തുമേറ്റ ക്ഷതത്തെ തുടർന്നുണ്ടായ ജയമാധവന്റെ മരണം സംശയാസ്പദമായി തുടരവേ കൂടത്തിൽ തറവാടുമായി അടുപ്പമുള്ള ചിലരുടെ മൊഴിയിൽ നിന്നാണ് അന്വേഷണ സംഘത്തിന് ഇതേപ്പറ്റി സൂചന ലഭിച്ചത്.
. 2017 ഏപ്രിൽ 2നാണ് ജയമാധവനെ കൂടത്തിൽ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. കാര്യസ്ഥനായ രവീന്ദ്രൻനായർ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. തലയ്ക്കും നെറ്റിയിലും പരിക്ക് പറ്റിയ നിലയിലായിരുന്നെങ്കിലും ഇതുസംബന്ധിച്ച് കരമന പൊലീസെടുത്ത മൊഴിയിലോ മഹസറിലോ ശരീരത്തിലെ മുറിവുകളിൽ നിന്ന് രക്തം വാർന്നിരുന്നതായോ മുറിയിൽ രക്തത്തിൽ കുളിച്ച് കിടന്നതായോ പരാമർശമില്ല. ആശുപത്രിയിലെത്തും മുമ്പ് മരണപ്പെട്ട ജയമാധവന്റെ പരിക്കുകളിൽ സംശയം തോന്നിയാണ് ഡോക്ടർ പോസ്റ്റുമോർട്ടത്തിന് നിർദ്ദേശിച്ചത്. പൊലീസ് അന്ന് കൂടത്തിൽ വീട്ടിലെത്തി മുറികളോ പരിസരമോ പരിശോധിക്കാൻ കൂട്ടാക്കിയിരുന്നില്ല. മൃതദേഹത്തിൽ കാണപ്പെട്ട മുറിവുകളുടെ സ്വഭാവമോ മുറിവുകളുണ്ടാകാനുള്ള സാദ്ധ്യതകളോ പരിഗണിച്ചില്ല. പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറെ കണ്ട് ചോദിക്കാനോ പത്തോളജി ലാബിലും ഫോറൻസിക് ലാബിലും ബന്ധപ്പെട്ട് വിവരങ്ങൾ അന്വേഷിക്കാനോ കൂട്ടാക്കിയില്ല.
. ജയമാധവന്റെ മരണത്തോട് ഏറെക്കുറെ സമാനമായിരുന്നു 2013ലെ ജയപ്രകാശിന്റെ മരണവും. കട്ടിലിൽ നിന്ന് തറയിൽ വീണ് ജയപ്രകാശ് മരിച്ചതായാണ് പറയപ്പെടുന്നത്. ഈ മരണത്തിൽ പോസ്റ്റുമോർട്ടം പോലുമില്ലാതിരുന്നു. ജയപ്രകാശിന്റെ മരണശേഷവും കിടക്കയും വിരികളും തുണികളും കത്തിച്ച് കളഞ്ഞിരുന്നു.കൂടത്തിൽ വീട്ടിലെ ജയപ്രകാശും ജയമാധവനും രോഗികളായിരുന്നുവെന്നും അവിവാഹിതരായ ഇരുവർക്കും കാര്യമായ ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നുമുള്ള കാര്യസ്ഥന്റെയും സഹായികളുടേയും മൊഴിയുടെ അടിസ്ഥാനത്തിൽ ഇവരെ ചികിത്സിച്ച ഡോക്ടർമാരിൽ നിന്ന് പൊലീസ് വിവരങ്ങൾ ശേഖരിക്കും. ജയമാധവനെ ചികിത്സിച്ചിരുന്ന വഴുതയ്ക്കാട്ടുളള ഡോക്ടറെ നേരിൽ കണ്ട് രോഗവിവരങ്ങളും നൽകിയ മരുന്നുകളെ സംബന്ധിച്ച കാര്യങ്ങളും ശേഖരിക്കും. എന്നാൽ, രോഗത്തെപ്പറ്റിയും ചികിത്സയെപ്പറ്റിയുമുള്ള ഡോക്ടറുടെ കുറിപ്പും നൽകിയ മരുന്നുകളെ സംബന്ധിച്ച വിവരങ്ങളുമൊന്നും അന്വേഷണ സംഘത്തിന് കൂടത്തിൽ വീട്ടിൽ നിന്ന് കണ്ടെത്താനായിട്ടില്ല. ജയപ്രകാശും ഇതേ ഡോക്ടറുടെ ചികിത്സ തേടിയിരുന്നതായി വിവരമുണ്ട്. അപസ്മാര രോഗത്തിനും ജയമാധവൻ ചികിത്സ തേടിയിട്ടുണ്ടെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്.