തിരുവനന്തപുരം: ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരനുമായി വേദി പങ്കിട്ട ഡോ. ജോർജ് ഓണക്കൂറിനെതിരെ എഴുത്തുകാരി സി.എസ്. ചന്ദ്രിക പരസ്യമായി രംഗത്ത്. ചന്ദ്രികയുടെ എതിർപ്പിനെ തുടർന്ന് ഇന്നലെ നടന്ന സാംസ്കാരിക പരിപാടിയിൽ നിന്ന് സംഘാടകർ ഓണക്കൂറിനെ ഒഴിവാക്കിയത് വിവാദമായി.

വാളയാർ പെൺകുട്ടികളുടെ ദുരൂഹ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കുമ്മനം നടത്തിയ ഉപവാസസമരത്തിൽ പങ്കെടുത്ത ഓണക്കൂർ അദ്ദേഹത്തിനു ഉമ്മ നൽകിയിരുന്നു. ഇതേത്തുടർന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സി.എസ്. ചന്ദ്രിക ജോർജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് പ്രഖ്യാപിച്ചത്.

തുടർന്നാണ് ഇന്നലെ വൈകിട്ട് പ്രസ് ക്ലബിൽ നടന്ന 'മലയാള ഭാഷാ സായാഹ്നം" പരിപാടിയിൽ നിന്ന് സംഘാടകർ ഓണക്കൂറിനെ ഒഴിവാക്കിയത്. ഇതറിഞ്ഞ ചന്ദ്രിക പരിപാടിക്കെത്തുകയും ചെയ്‌തു. സംഭവത്തെപ്പറ്റി ജോർജ് ഓണക്കൂർ പ്രതികരിച്ചില്ല.

അതേസമയം അസഹിഷ്ണുക്കളെ സാംസ്‌കാരിക നായകരെന്നു വിളിക്കാനാകില്ലെന്നും കുമ്മനത്തിന്റെ ഉപവാസസമരം രാഷ്ട്രീയ പരിപാടിയായിരുന്നില്ലെന്നും ബി.ജെ.പി നേതാവ് എം.ടി. രമേശ് പറഞ്ഞു. അടൂർ ഗോപാലകൃഷ്ണനെ ക്ഷണിച്ചിരുന്നെങ്കിലും എത്തില്ലെന്ന് അറിയിച്ചിരുന്നതായും രമേശ് പറഞ്ഞു.