പാറശാല: സമൂഹത്തിൽ വ്യാപിച്ചു വരുന്ന പ്രമേഹ രോഗത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാലയങ്ങളിൽ നടത്തിവരുന്ന പ്രമേഹ ബോധവത്കരണ പരിപാടികൾ ശ്രദ്ധേയമാകുന്നു. ക്വിസ് പ്രോഗ്രാം, പ്രമേഹത്തെ എങ്ങനെ അകറ്റി നിറുത്താം എന്നുള്ള വിവരങ്ങൾ അടങ്ങുന്നതാണ് പരിപാടി. തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലായി ഇതുവരെ നൂറോളം ക്ലാസുകൾ നടന്നു കഴിഞ്ഞു. ഒക്ടോബർ 21 മുതൽ നടന്നുവരുന്ന പ്രമേഹ ബോധവത്കരണപരിപാടി ലോക പ്രമേഹ ദിനാചരണ നാളിന് തലേദിവസമായ നവംബർ 13 വരെ തുടരുന്നതാണ്. പാറശാല സരസ്വതി ഹോസ്പിറ്റലിന്റെ നേതൃത്വത്തിൽ നടക്കുന്ന ലോക പ്രമേഹ ദിന പരിപാടികളുടെ ഭാഗമായിട്ടാണ് ഈ ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നത്. പ്രമേഹത്തെക്കുറിച്ചുള്ള അവബോധം വിദ്യാർത്ഥികളിലും വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലും എത്തിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.