കിളിമാനൂർ: വെള്ളിയാഴ്ച നേരം പുലർന്നപ്പോൾ ശാസ്താം പൊയ്‌കക്കാർ കണ്ടത് പ്രദേശത്ത് നിറയെ പൊലിസുകാരെയും വാഹനങ്ങളുമാണ്. കാര്യം തിരക്കിയപ്പോഴാണ് തങ്ങളുടെ അയൽക്കാരൻ പറണ്ടക്കുഴി ചരുവിള പുത്തൻ വീട്ടിൽ സഞ്ചു (32) കൊലചെയ്യപ്പെട്ടതായി അറിയുന്നത്. നാട്ടുകാരനും ഇറച്ചി വെട്ടുകാരുമായ കിഴക്കേത്തോപ്പിൽ വിട്ടിൽ അൽഅമീൻ (37), ഇയാളുടെ സഹോദരൻ അൽ മുബീൻ (30), പുത്തേറ്റുക്കാട് ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് ജാസിം (27) എന്നിവർ ചേർന്നാണ് സഞ്ചുവിനെയും സുഹൃത്തിനെയും ആക്രമിച്ചതെന്നും അറിഞ്ഞതോടെ നാട്ടുകാർ ഞെട്ടി. വ്യാഴാഴ്ച രാത്രി നിലമേൽ ബാറിൽ നടന്ന തർക്കത്തെ തുടർന്ന് ശാസ്താം പൊയ്ക ആരോഗ്യ കേന്ദ്രത്തിന് മുന്നിൽ വച്ച് പ്രതികൾ സഞ്ചുവിനെ കുത്തി വീഴ്ത്തുകയായിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് ഷിബുവിനു കുത്തേറ്റു. ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. ഒപ്പമുണ്ടായിരുന്ന സഞ്ചുവിന്റെ ബന്ധുക്കളായ സജുമോനും അനീഷും സംഭവം നേരിട്ടുകണ്ട ഞെട്ടലിൽ നിന്ന് ഇനിയും മാറിയിട്ടില്ല. രണ്ടു വർഷം മുമ്പ് അൽഅമീന്റെ ബന്ധുവുമായി സഞ്ചു സംഘർത്തിലേർപ്പെട്ടിരുന്നു. അന്നു മുതൽ ഇവർ എവിടെ കണ്ടാലും വഴക്ക് പതിവായിരുന്നെന്ന് പൊലിസ് പറയുന്നു. ഇറച്ചി വെട്ടുകാരായ പ്രതികൾ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ തന്നെയാണ് പിന്തുടർന്ന് ആക്രമിച്ചതെന്നും പൊലിസ് പറയുന്നു. പ്രതികൾ മൂവരെയും അറസ്റ്റ് ചെയ്യാൻ കഴിഞ്ഞതിൽ സി.ഐ കെ.ബി. മനോജ് കുമാറിന്റെയും എസ്.ഐ എസ്. അഷറഫിന്റെയും പങ്ക് ഏറെ പ്രശംസനീയമാണ്. റിമാൻഡിലായപ്രതികളെ ആവശ്യമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യലിന് കസ്റ്റഡിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.