കഴക്കൂട്ടം: സ്കൂൾ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് മടങ്ങിയ പട്ടികജാതികാരിയായ ഒൻപതാം ക്ളാസ് വിദ്യാർത്ഥിനിയെ പട്ടാപ്പകൽ രണ്ടു യുവാക്കൾ ബൈക്കിൽ തട്ടിക്കൊണ്ടുപോയി ആൾപാർപ്പില്ലാത്ത വീട്ടിലെത്തിച്ച് പീഡിപ്പിച്ചു. നാലുപേർ ഉൾപ്പെട്ട സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു. രണ്ടുപേർ പിടിയിലായതായി സൂചന. പെരുമാതുറ സ്വദേശി നിരഞ്ജനാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ 30ന് രാവിലെ 11ഓടെ ഹോസ്റ്റലിൽ നിന്ന് കാൽനടയായി കുട്ടി തീരദേശം വഴി നടന്നു പോകവേ തുമ്പയ്ക്കടുത്തു ആൾപാർപ്പില്ലാത്ത സ്ഥലത്തുവച്ച് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ബലമായി പിടിച്ച് കയറ്റി ഭീഷണിപ്പെടുത്തി പെരുമാതുറയിലെ ആൾപാർപ്പില്ലാത്ത വീട്ടിൽ കൊണ്ടുപോയി ഒരുദിവസം പീഡിപ്പിച്ചെന്നാണ് വിവരം. പിറ്റേദിവസം രാവിലെ കുട്ടിയെ പിടിയിലായ നിരഞ്ജന്റെ ബൈക്കിൽ കഴക്കൂട്ടത്ത് കൊണ്ടുപോയി ഇറക്കിവിട്ടു. കുട്ടിയെ കാണാനില്ലെന്ന ഹോസ്റ്റൽ വാർഡൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കഠിനംകുളം പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ തുമ്പയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ കുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. കുട്ടി റോഡിലൂടെ നടന്നുപോകുന്നതിന്റെ സി.സി. ടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്തു.