കോവളം: വിനോദ സഞ്ചാരത്തിന് മാതാപിതാക്കളോടൊപ്പം കോവളത്തെത്തിയ 8 വയസുകാരന്റെ കാൽ കമ്പികൾക്കിടയിൽ കുടുങ്ങി. ഒടുവിൽ വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് കമ്പി മുറിച്ച് കുട്ടിയെ രക്ഷപ്പെടുത്തി. ഇന്നലെ സന്ധ്യയ്ക്ക് ആറരയോടെ കോവളം പാലസ് ജംഗ്ഷനു സമീപമായിരുന്നു സംഭവം. ഗുജറത്തിലെ ബറോഡയിൽ നിന്നെത്തിയ പീയൂഷ് ഭട്ടിന്റെ മകൻ ധൈരിഭട്ട് എന്ന
എട്ടു വയസുകാരനാണ് അപകടത്തിൽ പെട്ടത്. ബീച്ചിലെ സ്വകാര്യ ഹോട്ടലിൽ താമസിച്ചിരുന്ന കുടുംബം വൈകിട്ട് പാലസ് ജംഗ്ഷനിലൂടെ നടക്കുന്നതിനിടെയാണ് നടപ്പാതയിലുണ്ടായിരുന്ന ഗ്രേറ്റിംഗ്സിൽ കുട്ടിയുടെ കാൽ കുടുങ്ങിയത്. ഭയന്നുപോയ കുട്ടി നിലവിളിച്ചതോടെ മാതാപിതാക്കളും കരച്ചിലായി.
തുടർന്ന് തടിച്ചുകൂടിയ നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വിഴിഞ്ഞത്തു നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റ് കമ്പി മുറിച്ച് മാറ്റി കുട്ടിയുടെ കാൽ പുറത്തെടുക്കുകയായിരുന്നു. കുട്ടിക്ക് പരിക്കൊന്നുമില്ലെന്ന് ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.