ആറാലുംമൂട് : ആറാലുംമൂട് ചാനലിലും ബണ്ട് റോഡിലും കോഴി അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും തള്ളുന്നതായി പരാതി. മാലിന്യങ്ങൾ കുന്നുകൂടിയിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. ആറാലുംമൂട് ആട്ടോ മൊബൈൽസിനും, അതിയന്നൂർ ബ്ളോക്ക് ഒാഫീസിനും വില്ലേജ് ഒാഫീസിനും സമീപത്തുകൂടി കടന്നുപോകുന്ന നെയ്യാർഡാമിന്റെ ചാനലിലാണ് മാലിന്യം വ്യാപകമായി തള്ളുന്നത്. രാത്രിയിൽ ഒാട്ടോയിലും സൈക്കിളിലുമെത്തിയാണ് ഇൗ ജനവാസ കേന്ദ്രത്തിൽ മാലിന്യം നിക്ഷേപിക്കുന്നത്. പരിസരവാസികൾക്കും വഴിയാത്രക്കാർക്കും ഇതുവഴി മൂക്കുപൊത്താതെ യാത്ര ചെയ്യാൻ സാധിക്കുന്നില്ലെന്നാണ് പരാതി. പകർച്ചവ്യാധി ഭീഷണിയിലാണ് പ്രദേശം. തെരുവ് വിളക്കുകൾ കത്തുന്നില്ലെന്നും പരാതിയുണ്ട്. അവശിഷ്ടങ്ങൾ കൊണ്ടിടുന്നതിനെതിരെ അധികാരികളുടെ ശ്രദ്ധ ഉണ്ടാകണമെന്ന് സ്ഥലവാസികളും യാത്രക്കാരും ആവശ്യപ്പെട്ടു.