ബാലരാമപുരം: ആരോരുമില്ലാതെ കടവരാന്തകളിൽ അന്തിയുറങ്ങിയ രോഗിയായ വൃദ്ധക്ക് സഹായവുമായി പുനർജനി എത്തി. പനയറക്കുന്ന് ചരുവിള വീട്ടിൽ കൃഷ്ണമ്മ (80)യെ ആണ് പുനർജനി ഏറ്റെടുത്തത്. വാർഡ് മെമ്പറും നാട്ടുകാരും ചേർന്ന് അനാഥയായ വൃദ്ധയുടെ ദുരവസ്ഥ പൊലീസിനെ ധരിപ്പിക്കുകയായിരുന്നു. തുടർന്ന് ബാലരാമപുരം പൊലീസ് സിസിലിപുരം പുനർജനി പുനരധിവാസ കേന്ദ്രത്തിൽ വിവരമറിയിക്കുകയായിരുന്നു. സ്വന്തമായി ചെറിയൊരു വീടുണ്ടായിരുന്നെങ്കിലും അത് മഴയത്ത് തകർന്നു. തുടർന്നാണ് സ്കൂൾ വരാന്തകളും കടകൾക്ക് മുന്നിലും അഭയം പ്രാപിച്ചത്. ബാലരാമപുരം സി.ഐ ജി. ബിനു, എസ്.ഐ വിനോദ് കുമാർ, പി.ആർ.ഒ എ.വി. സജീവ്, വാർഡ് മെമ്പർ തങ്കരാജ്, സീനിയർ സിറ്റിസൺ ചെയർമാൻ ബാലരാമപുരം അൽഫോൺസ് എന്നിവർ പുനർജനി പുനരധിവാസ കേന്ദ്രം പ്രസിഡന്റ് ശ്യാം സോമസുന്ദരത്തിന് വൃദ്ധയുടെ സംരക്ഷണച്ചുമതല കൈമാറി.