വക്കം: വക്കത്ത് ലൈഫ് ഭവനപദ്ധതി അട്ടിമറിച്ച ഭരണത്തിനെതിരെ ജനകീയ പ്രക്ഷോഭ പരിപാടികളുമായി ബി.ജെ.പി. അർഹതയുള്ള നിർദ്ധനരെ തള്ളി സ്വന്തം ഇഷ്ടക്കാർക്ക് അനധികൃതമായി വീടുകളും, മറ്റാനുകൂല്യങ്ങളും നിരന്തരം നൽകി വരുന്ന ഭരണത്തിനെതിരെ അർഹരായ ഗുണഭോക്താക്കളെ അണിനിരത്തി ശക്തമായ ബഹുജന സമരം സംഘടിപ്പിക്കുമെന്ന് ബി.ജെ.പി വക്കം മണ്ഡലം കമ്മിറ്റി പ്രസിഡന്റ് സജി പറഞ്ഞു. സാമ്പത്തികമായി മുന്നിൽ നിൽക്കുന്നവർക്ക് പോലും ലൈഫ് ഭവനപദ്ധതി പ്രകാരം വീട് ലഭിച്ചിട്ടുണ്ട്. എന്നാൽ കയർ, മത്സ്യതൊഴിലാളികൾ ഭൂരിഭാഗം വസിക്കുന്ന വക്കത്തെ പാവപ്പെട്ടവരെ ഗുണഭോക്തൃ ലിസിറ്റിൽ നിന്ന് വെട്ടിമാറ്റുന്ന നയങ്ങൾ പുനഃപരിശോധന നടത്തണം. മണനാക്കിന് സമീപം മകൾ ഗൾഫിലുള്ള സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന ആളിന് വീട് നൽകിയ സംഭവത്തിൽ ഗ്രാമപഞ്ചായത്തിനു വീഴ്ച പറ്റിയിട്ടുണ്ട്. ലൈഫ് പദ്ധതിയിൽ ലഭിച്ച വീട് ഒരു ദിവസം പോലും താമസിക്കാതെ ഇപ്പോൾ വിൽക്കാനിട്ടിരിക്കുകയാണ് .പുറമ്പോക്കിലും ചെറ്റക്കുടിലിലും താമസിക്കുന്ന ഗീത, ജിഞ്ചു, നിജു അടക്കം നിരവധി പേർ വീടിനായി കാത്തിരിക്കുമ്പോഴാണിത്. വീടിന്റെ ഓല മേയുന്നതിനോ, മറ്റ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനോ യാതൊരു നിവറുത്തിയുമില്ലാത്ത നിരവധി പേർ വീടിനായി കാത്തിരിക്കുകയാണിപ്പോഴും. ഇവരെ അടിയന്തരമായി ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം. എന്നാൽ ലൈഫ് ഭവനപദ്ധതി പ്രകാരം 265 അപേക്ഷകൾ ലഭിച്ചെന്നും, മൂന്ന് മാസം നീണ്ടു നിന്ന ഹിയറിംഗിന് 206 പേർ പങ്കെടുത്തെന്നും. ഒന്നാം ഘട്ടത്തിൽ 96 പേർക്ക് വീടിന് അർഹത നേടിയെന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വേണു ജി അറിയിച്ചു.