
കോവളം: മുന്നൂറിലധികം കുടുംബങ്ങളുടെ ഏക ആശ്രയമായ മേനിലം - പാപ്പാൻചാണി റോഡ് തകർന്നിട്ട് ഏഴു വർഷമായി. റോഡിന്റെ ശോചനീയാവസ്ഥ പലകുറി അറിയിച്ചിട്ടും ജനപ്രതിനിധികൾ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. തകർന്ന റോഡിലെ കുഴികളിൽ വീണ് ബൈക്ക് യാത്രികർക്ക് അപകടം പറ്റുന്നത് നിത്യ സംഭവമാണ്. ഒരു മാസം മുൻപ് ഇതുവഴി പോയ ഓട്ടോറിക്ഷ അപകടത്തിൽപെട്ട് ആശുപത്രിയിലേക്ക് പോകുകയായിരുന്ന ഗർഭിണിയായ യുവതിക്ക് പരിക്കേറ്റു. പ്രദേശത്തെ ഒൻപത് സ്‌കൂളുകളിലേക്കുള്ള വാഹനങ്ങൾ പോകുന്ന വഴിയാണിത്. തകർന്ന റോഡിലൂടെ ബസ് ഓടിക്കാൻ കഴിയില്ലെന്ന് കെ.എസ്.ആർ.ടി.സി ഡ്രൈവർമാർ അറിയിച്ചതോടെ ഇതുവഴിയുള്ള ബസ് സർവീസും നിലയ്ക്കുന്ന സ്ഥിതിയാണ്. പലയിടത്തും റോഡിൽ ടാറില്ലാത്ത അവസ്ഥയാണ്. അടുത്തിടെ ഒൻപത് ലോഡ് മണ്ണിറക്കിയാണ് നാട്ടുകാർ റോഡിലെ കുഴികൾ അടച്ചത്. റോഡ് അറ്റകുറ്റപ്പണി ചെയ്യണമെന്ന ആവശ്യവുമായി പ്രദേശത്തെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ വാർഡ് കൗൺസിലറെ പല തവണ സമീപിച്ചെങ്കിലും പൊതുമരാമത്തു വകുപ്പിനാണ് ചുമതലയെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലം എം.എൽ.എ ഒ. രാജഗോപാലിനെ ബന്ധപ്പെടുകയും 50 ലക്ഷം രൂപ അനുവദിച്ചെന്നും മഴക്കാലം കഴിഞ്ഞാൽ ഉടനെ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും റസിഡന്റ്സ് അസോസിയേഷൻ അധികൃതരെ അറിയിച്ചതായി പറയുന്നു. മഴകഴിഞ്ഞും അറ്റകുറ്റപ്പണികൾ ആരംഭിക്കാത്തതിനാൽ പൊതുമരാമത്ത് വകുപ്പിന്റെ കാഞ്ഞിരംകുളം സെക്ഷൻ അസിസ്റ്റന്റ് എൻജിനിയറിനെ ബന്ധപ്പെട്ടു. റോഡിന്റെ നിലവിലെ അവസ്ഥയിൽ അറ്റകുറ്റപ്പണികൾ നടത്തുന്നതിന് 80 ലക്ഷം രൂപയെങ്കിലും വേണ്ടിവരുമെന്നും അനുവദിച്ച 50 ലക്ഷം രൂപയ്ക്ക് കരാർ എടുക്കാൻ ആരും തയ്യാറാകുന്നില്ലെന്നും അറിയിച്ചു. ഈ -ടെൻഡർ കാലാവധി അവസാനിക്കാറായി എന്നാണ് വിവരം. ഇതിനിടെ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ നാട്ടുകാർ നൽകിയ പരാതിയിൽ അന്നത്തെ നഗരസഭ മേയർ അടിയന്തരമായി 30 ലക്ഷം രൂപ അനുവദിച്ചു. കന്നുകാലിചാൽ വരെയുള്ള റോഡ് എം.എൽ.എ ഫണ്ട് ഉപയോഗിച്ചും ശേഷമുള്ള ഭാഗം മേയർ അനുവദിച്ച തുക ഉപയോഗിച്ചും അറ്റകുറ്റപ്പണികൾ നടത്താനുള്ള സാങ്കേതിക സാദ്ധ്യത അന്വേഷിക്കുകയാണ് നാട്ടുകാർ.