e-auto
ഇ ഓട്ടോ

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനമായ കേരള ആട്ടോ മൊബൈൽസ് ലിമിറ്റഡ് (കെ.എ.എൽ) നിർമ്മിച്ച 'നീംജി' എന്ന ഇലക്ട്രിക് ആട്ടോറിക്ഷയിൽ (ഇ-ആട്ടോ) എം.എൽ.എമാർ ഇന്ന് നിയമസഭയിലെത്തും. എം.എൽ.എ ഹോസ്റ്റലിൽ നിന്ന് 15 എം.എൽ.എമാരെയും കൊണ്ടാണ് ഈ ആട്ടോയുടെ കന്നിയാത്ര. ഇതിനായി അഞ്ച് ആട്ടോകൾ തയ്യാറാക്കിയിട്ടുണ്ട്. സ്‌പീക്കർ പി. ശ്രീരാമകൃഷ്ണൻ യാത്ര ഫ്ളാഗ് ഓഫ് ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ അദ്ധ്യക്ഷനാകും. ഈ ആഴ്ചയോടെ 15 ആട്ടോകളാണ് നിരത്തിലിറക്കുന്നത്.

ഇന്ത്യയിൽ ആദ്യമായാണ് ഒരു പൊതുമേഖലാ സ്ഥാപനം ഇ-ആട്ടോ നിർമ്മിക്കുന്നത്. ജൂലായിൽ വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണം തുടങ്ങിയ ആട്ടോയുടെ വില 2.80 ലക്ഷമാണ്. ഇതിൽ 30,000 രൂപ സബ്‌സിഡിയാണ്. ഡ്രൈവറെ കൂടാതെ മൂന്ന് പേർക്ക് സഞ്ചരിക്കാം. ഒരു മാസത്തിനുള്ളിൽ 150 ആട്ടോകൾ നിരത്തിലിറക്കും. ആട്ടോയുടെ 60 വാട്ട് 'ലിഥിയം അയൺ' ബാറ്ററി ഒറ്റത്തവണ ചാർജ് ചെയ്താൽ 100 കി.മീ ഓടാം. മൂന്ന് മണിക്കൂർ 45 മിനിട്ട്‌ കൊണ്ട് ബാറ്ററി പൂർണമായും ചാർജ് ആകും. കൂടാതെ, ബാറ്ററി ഇൻബിൽറ്റ് അല്ലാത്തതിനാൽ മൊബൈൽഫോൺ പോലെ വീട്ടിലെ പ്ലഗിലൂടെ ചാർജ് ചെയ്യാം. ചാർജിംഗ് കേബിളും കമ്പനി നൽകും. ഒരു കിലോമീറ്റർ സഞ്ചരിക്കാൻ 50 പൈസ മാത്രമാണ് ചെലവ്. നിലവിൽ കെ.എ.എൽ വഴി നേരിട്ടായിരിക്കും വില്പന.