adoor-

തിരുവനന്തപുരം: യു.എ.പി.എ പെട്ടെന്ന് ഉപയോഗിക്കാവുന്ന നിയമമല്ലെന്നും സമൂഹത്തിന് ദോഷമുണ്ടെന്ന് തെളിഞ്ഞാൽ അറസ്റ്റാകാമെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. മാക്ടയുടെ പുരസ്‌കാരം മധുവിന് സമ്മാനിച്ച ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.യു.എ.പി.എ നിയമത്തിൽ തെറ്റുണ്ടെങ്കിൽ തിരുത്തണം. മനുഷ്യക്ഷേമമാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നത്. കേന്ദ്രമായാലും സംസ്ഥാനമായാലും ഭരണം വ്യക്തിക്ക് എതിരായി മാറരുത്. ജനാധിപത്യവ്യവസ്ഥയിൽ ഭീകരപ്രവർത്തനം തെളിഞ്ഞാൽ പൊലീസ് ഇടപെടണം. വിദ്യാർത്ഥികളുടെ അറസ്റ്റിനുള്ള കാരണം എന്താണെന്നറിയില്ല. ധാരണയില്ലാതെ പ്രതികരിക്കുന്നില്ലെന്നും അടൂർ പറഞ്ഞു.
എല്ലാ സാഹിത്യവും വായിക്കാനുള്ള അവകാശം വ്യക്തിക്കുണ്ട്. അത് തടയാനാകില്ല. സാംസ്‌കാരിക രംഗത്തുള്ളവർ നേരിടുന്ന പ്രശ്‌നങ്ങൾ തുടരുകയാണ്. ഇവയ്ക്ക് ദേശീയതലത്തിൽ പരിഹാരം കാണണം. പ്രധാനമന്ത്രിയോടാണ് ഇക്കാര്യം ആവശ്യപ്പെടേണ്ടത്. അത് പാർട്ടിക്കെതിരായല്ല. ദേശീയപ്രശ്‌നങ്ങളിൽ മാത്രമല്ല, തെറ്റെന്ന് കണ്ട കേരളത്തിലെ പ്രശ്‌നങ്ങളിലും പ്രതികരിച്ചിട്ടുണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.