madhu

തിരുവനന്തപുരം: മലയാള സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ടയുടെ മാക്ട ലെജൻഡ് പുരസ്‌ക്കാരം നടൻ മധുവിന് അടൂർ ഗോപാലകൃഷ്ണൻ സമ്മാനിച്ചു. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മധുവിന്റെ വസതിയായ കണ്ണമ്മൂല ശിവഭവനിൽ വച്ചാണ് കൈമാറിയത്. മാക്ട മുൻ ചെയർമാൻ രാമചന്ദ്രബാബു മധുവിനെ പൊന്നാട അണിയിച്ചു.

സഹപ്രവർത്തകർ നൽകുന്ന അംഗീകാരത്തിൽ ബഹുമാനവും സന്തോഷവുമുണ്ടെന്ന് മധു പറഞ്ഞു. കൊച്ചിയിലെത്തി എല്ലാവരുടെയും മുന്നിൽ വച്ച് പുരസ്‌ക്കാരം സ്വീകരിക്കണമെന്നായിരുന്നു ആഗ്രഹം. വരാമെന്ന് സമ്മതിച്ചതുമാണ്. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് കാരണം പോകാൻ സാധിക്കാതിരുന്നതിൽ നിരാശയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അലസി പോയ രണ്ട് ശ്രമങ്ങൾക്ക് ശേഷം 'സ്വയംവരം' എന്ന ചിത്രത്തിലൂടെ തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത് മധുവുമൊത്താണെന്ന് അടൂർ അനുസ്മരിച്ചു. സിനിമയുടെ എല്ലാ മേഖലയിലും തിളങ്ങിയ മധുവിന് നൽകുന്ന യുക്തമായ പുരസ്‌കാരമാണ് മാക്‌ടയുടേതെന്നും അടൂർ പറഞ്ഞു.