കിളിമാനൂർ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് കിളിമാനൂർ ആർ.ആർ.വി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ അപൂർവമായ നാണയങ്ങളുടെയും സ്റ്റാമ്പുകളുടെയും പ്രദർശനം ഒരുക്കി റിട്ട.അദ്ധ്യാപകൻ വേണു.പി.ഉണ്ണിത്താൻ. 2600 വർഷം പഴക്കമുള്ള നാണയങ്ങൾ സംഘകാല, ചേരൻ, ചോള, പാണ്ട്യ നാണയങ്ങൾ. ലോകത്തിലെ ഏറ്റവും ചെറിയ സ്വർണ, വെള്ളി, ചെമ്പ് നാണയങ്ങൾ, പ്രാചീന റോമൻ, ഗ്രീക്ക്, വെനീഷ്യൻ നാണയങ്ങൾ, തിരുവിതാംകൂർ, കൊച്ചി, മലബാർ നാണയങ്ങൾ, ഒരു കിലോ തൂക്കമുള്ള ലോകത്തിലെ ഏറ്റവും വലിയ വെള്ളി നാണയം, ഇന്ത്യ പോർട്ടുഗീസ്, ഇന്ത്യ ബ്രിട്ടീഷ്, ഡച്ച് ഇന്ത്യ,അപൂർവ ടിൻ,ലെഡ്, ഇരുമ്പ്, പേപ്പർ നാണയങ്ങൾ. കൂടാതെ 350ൽ പരം രാജ്യങ്ങളിലെ നാണയങ്ങൾ വിദേശ കറൻസികൾ, ദലൈലാമയുടെ ഹാൻഡ് മെയ്ഡ് പേപ്പർ മണി, അത്യാധുനിക പ്ലാസ്റ്റിക് കറൻസി എന്നിവയും പ്രദർശനത്തിന് ഉണ്ടായിരുന്നു. സ്റ്റാമ്പുകളിൽ ഇന്ത്യൻ തപാലിന് തുടക്കം കുറിച്ച ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സ്റ്റാമ്പുകൾ മുതലുള്ളവയും പ്രദർശിപ്പിച്ചു.
ആദ്യം മുതൽക്കുള്ള തപാൽ സ്റ്റാമ്പുകൾ, കോർട്ട്ഫീസ് സ്റ്റാമ്പുകൾ, ലോകത്തിലാദ്യമായി തടിയിൽ നിർമ്മിച്ച സ്റ്റാമ്പ്, സ്വർണ നിർമ്മിത സ്റ്റാമ്പ്, ആദ്യകാല സ്റ്റാമ്പ് പേപ്പറുകൾ, 3ഡി സ്റ്റാമ്പുകൾ എന്നിവയും പ്രദർശിപ്പിച്ചു. പ്രദർശനം സ്കൂൾ പ്രിൻസിപ്പൽ വി.ആർ. സാബു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.ഡി. രാജീവ് അദ്ധ്യക്ഷനായിരുന്നു. ഹെഡ്മാസ്റ്റർ വേണു ജി.പോറ്റി, എൻ.സി.സി ഓഫീസർ വി.കെ. സാബു,സിന്ധു, അഗസ്റ്റിൻ, ബിനുരാജ് എന്നിവർ സംസാരിച്ചു. വേണു പി.വി ഉണ്ണിത്താനെ പൊന്നാടയും മെമ്മന്റോയും നൽകി ആദരിച്ചു. പ്രദർശനം കാണാൻ 14 സ്കൂളിലെ വിദ്യാർത്ഥികൾ എത്തി.
പുതുമംഗലം പി.വി.യു.പി.എസ് ഹെഡ്മാസ്റ്റർ ആയി വിരമിച്ച വേണു പി.ഉണ്ണിത്താൻ ചെന്നൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ ന്യൂമിസ്മാറ്റിക് സൊസൈറ്റി ഉൾപ്പെടെയുള്ള നിരവധി സംഘടനകളിൽ ആജീവനാന്ത അംഗം കൂടിയാണ്. പ്രദർശനത്തിന് അദ്ദേഹത്തെ സഹായിക്കാൻ ഭാര്യ ഗിരിജാദേവിയും മൂത്ത മകനും എൻജിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയുമായ വിപിൻ വേണുവും ഉണ്ടായിരുന്നു.