തിരുവനന്തപുരം: നഴ്സിംഗ് പഠനത്തിനു പോയപ്പോൾ തട്ടിപ്പിനിരയായി പണം നഷ്ടപ്പെട്ടു. തട്ടിപ്പിനെതിരെ പരാതി നൽകിയപ്പോൾ കേസിൽ പ്രതിയാക്കുമെന്ന ഭീഷണി. ഒതുങ്ങിക്കൂടിയപ്പോൾ വാദിയെ പ്രതിയാക്കുന്ന പ്രചാരണം. നീതി ലഭ്യമാക്കുമെന്ന് പ്രതീക്ഷിച്ച പൊലീസും കൈവിട്ടു.
ചെറിയതുറ പള്ളിക്ക് എതിർവശം കലാകോട്ടേജിൽ ഫ്രാൻസിസിന്റെ മകൾ ഡയാനാ ഫ്രാൻസിസിനാണ് ഈ ദുരനുഭവങ്ങൾ.
തിരുവല്ലത്തെ ഒരു ഏജൻസി വഴിയാണ് ഡയാന ബംഗളൂരുവിലെ സ്വകാര്യ നഴ്‌സിംഗ് കോളേജിൽ 2014 ജൂലായ് 13ന് പ്രവേശനം നേടിയത്. സ്ഥാപനത്തിന്റെ അഡ്മിഷൻ രേഖകളുപയോഗിച്ചാണ് 2,75,000 രൂപ ബാങ്ക് വായ്പ എടുത്തതെന്നും, കോളേജ് അധികൃതർ ആവശ്യപ്പെട്ട പണം നൽകിയെന്നും പിതാവ് ഫ്രാൻസിസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയൽ പറയുന്നു. മകൾ പാസായതിന്റെ മാർക്ക് ലിസ്റ്റുകളാണ് കോളേജിൽ നിന്ന് ലഭിച്ചത്. അത് ബാങ്കിൽ കാട്ടിയാണ് ഫീസ് ലഭ്യമാക്കിയത്. നാലു വർഷം കഴിഞ്ഞപ്പോൾ 26,800 രൂപ കൂടി ഫീസ് അടയ്ക്കണമെന്ന് സ്ഥാപന മേധാവി അറിയിച്ചു. അതും അടച്ചപ്പോൾ കുട്ടി പരീക്ഷയിൽ തോറ്രെന്നും നാലു വർഷം കൂടി പഠിക്കണമെന്നും പറഞ്ഞു. കൂടുതൽ അന്വേഷണത്തിൽ പരീക്ഷയുടെ രജിസ്ട്രേഷൻ നമ്പർ വ്യാജമാണെന്നും മകളുടെ വിവരമൊന്നും യൂണിവേഴ്സിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും മനസിലായി. വായ്പ എടുത്ത് നൽകിയ പണം ആവശ്യപ്പെട്ടപ്പോൾ ഭീഷണിപ്പെടുത്തി ഇറക്കിവിട്ടു. ബംഗളൂരുവിലെ പൊലീസ് കോളേജ് മാനേജ്മെന്റിനെ സഹായിക്കുന്നവരായതിനാൽ പരാതി ഇവിടെ ശംഖുമുഖം പൊലീസിന് നൽകി. എന്നാൽ പൊലീസ് കേസെടുക്കാൻ വിസമ്മതിച്ചെന്നും പരാതിയിലുണ്ട്.
മുഖ്യമന്ത്രി ഓഫീസ് പരാതി സ്വീകരിച്ചതിനെ തുടർന്ന് ശംഖുംമുഖം പൊലീസ് കേസെടുത്ത് അന്വേഷണത്തിന് ബംഗളൂരുവിലേക്കു പോയി. തങ്ങളെ തകർക്കാനാണ് പൊലീസും ശ്രമിച്ചതെന്ന് ഫ്രാൻസിസും ഡയാനയും പറഞ്ഞു. ജൂൺ 31 ഉച്ചയ്ക്ക് തങ്ങളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി രാത്രി ഒൻപതരവരെ ചോദ്യം ചെയ്തു. കോളേജിലെ ജീവനക്കാരിയുമായി ചേർന്ന് വ്യാജമാർക്ക് ലിസ്റ്റ് സൃഷ്ടിച്ചെന്ന കള്ളക്കഥ ചമച്ച് അത് സമ്മതിപ്പിക്കാനായിരുന്നു ശ്രമം. വഴങ്ങായതായപ്പോൾ പൊലീസ് ഫ്രാൻസിന്റെ കോളറിൽ പിടിച്ച് സെല്ലിലേക്ക് തള്ളാൻ ശ്രമിച്ചു. കേസെടുക്കുമെന്നും പറഞ്ഞു. അച്ഛനെ തല്ലാതിരിക്കാൻ പൊലീസ്എഴുതി തയ്യാറാക്കിയതിന്റെ അടിയിൽ ഒപ്പിട്ടു നൽകി.
അതോടെ കേസ് ഇല്ലാതായി. എന്നാൽ കോളേജ് മാനേജ്മെന്റ് തന്നെ അപകീർത്തിപ്പെടുത്തുകയാണെന്ന് ഡയാന പറയുന്നു.
''പപ്പയെ അടിക്കുമെന്ന് പേടിച്ചാണ് ചെയ്യാത്ത കാര്യം സമ്മതിച്ചത്. നിന്നെ കുറിച്ച് വേണ്ടാതീനം വാർത്തയാക്കിയാൽ ഭാവി പോകും എന്ന് വിരട്ടി. പൊലീസ് പറഞ്ഞതൊക്കെ കോളേജ് മേധാവിയുടെ ആരോപണങ്ങളായിരുന്നു. മൊഴി വായിച്ചു കേൾപ്പിച്ചില്ല. ഒപ്പിടാൻ പറഞ്ഞു. ആ മൊഴി പൊലീസ് കോളേജ് മേധാവിക്ക് അയിച്ചു. ഭാവിയെ ഓർത്താണ് ഞാൻ പിൻവാങ്ങിയത്. ആത്മഹത്യ ചെയ്താലോ എന്ന് ആലോചിച്ചതാണ്. നഷ്ടപരിഹാരം നൽകാമെന്നാണ് കോളേജ് മേധാവി ആദ്യം പറഞ്ഞത്. കേസു നൽകിയപ്പോൾ തരില്ലെന്നായി. രണ്ടു വർഷം കോളേജിന് ഒരു പേരും പിന്നെ വേറൊരു പേരുമായിരുന്നു. ഇതു തട്ടിപ്പിന്റെ ഉദാഹരണമാണ്''
- ഡയാനാ ഫ്രാൻസിസ്.