നെയ്യാറ്റിൻകര: ഗ്രാമീണ മേഖലയിലെ നിർദ്ധനരായവർക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിക്കാന കേന്ദ്ര സർക്കാർ ആവിഷ്കരിച്ച രാജീവ് ഗാന്ധി ഭവന പദ്ധതിക്കുള്ള അപേക്ഷകൾ നെയ്യാറ്റിൻകരയിൽ ഇനിയും തീർപ്പാക്കിയിട്ടില്ല. വീട് വയ്ക്കാനുള്ള ധനസഹായം കുറവായതിനാൽ മിക്ക അപേക്ഷകരും എഗ്രിമെന്റ് വയ്ക്കാതെ പിന്മാറി. അവശേഷിച്ചവർക്കാട്ടെ അനുവദിക്കപ്പെട്ടതിൽ പകുതി തുക പോലും ലഭ്യമായില്ല. നെയ്യാറ്റിൻകരയിലെ 44 വാർഡുകളിൽ നിന്നും 11,200 ഓളം പേർ അപേക്ഷകൾ നൽകിയിരുന്നു. എന്നാൽ 450 പേർ എഗ്രിമെന്റ് വച്ചതിൽ 350ഓളം പേർക്ക് മാത്രമാണ് ഭവന ധനസഹായം നൽകിയത്. അതിൽ 50 ശതമാനം പേർക്ക് മാത്രമാണ് പൂർണമായും തുക ലഭിച്ചത്. ബേക്കൽ മോഡൽ വീടു നിർമ്മാണത്തിനായി നഗരസഭാ അധികൃതർ ഗുണഭോക്താക്കൾക്ക് കുറഞ്ഞ ചെലവിൽ വീടു വയ്ക്കുവാനുള്ള സാങ്കേതിക ഉപദേശവും നൽകി. ബാക്കിയുള്ള അപേക്ഷകർ ധനസഹായവും കാത്ത് കഴിയുകയാണ്.
പിന്നീടു വന്ന കേരള-കേന്ദ്ര സർക്കാരുകളുടെ സംയുക്ത സംരംഭമായ പ്രധാനമന്ത്രി ആവാസ് യോജന- ലൈഫ് പദ്ധതിയിൽ ധനസഹായം 4 ലക്ഷം രൂപയാണ്. എന്നാൽ ലൈഫ് ഭവന പദ്ധതിക്ക് അപേക്ഷ നൽകിയ ഭൂരിപക്ഷം പേരും വെട്ടിലായ സ്ഥിതിയാണിപ്പോൾ. പുതിയ ഭവനം നിർമ്മിക്കുവാനായി പഴയ കെട്ടിടങ്ങൾ പൊളിച്ച് ബേസ്‌മെന്റ് നിർമ്മിച്ചവർക്ക് നാല് ലക്ഷത്തിന്റെ ആദ്യ ഗഡു അനുവദിച്ചു. പിന്നീട് തുക ലഭ്യമായില്ല. മിക്ക ഗുണഭോക്താക്കളും സ്വകാര്യ ബാങ്കിൽ നിന്നും കൂടിയ പലിശയ്ക്ക് പണം വായ്പയെടുത്താണ് വീട് നിർമ്മാണത്തിന്റെ ആദ്യ ഘട്ടം പോലും പൂർത്തിയാക്കിയത്. ഇവർക്കും ധനസഹായം ലഭ്യമായിട്ടില്ല.
ബി.പി.എൽ കുടുംബങ്ങൾക്കുള്ള മുൻഗണന ക്രമം പാലിച്ച ശേഷം ജനറൽ വിഭാഗത്തിൽ നിന്നും അർഹരെ ഗ്രാമസഭ വഴി തിരഞ്ഞടുക്കണമെന്നാണ് പദ്ധതി നിർദ്ദേശം. എന്നാൽ അർഹരെ ഒഴിവാക്കി വീടുള്ളവരും ഭവന നിർമ്മണ ധനസഹായ ലിസ്റ്റിൽ കയറിക്കൂടിയത് പലപ്പോഴും കൗൺസിൽ യോഗത്തിൽ ബഹളത്തിന് ഇടയാക്കിയിരുന്നു.
രാജീവ് ഗാന്ധി ഭവന നിർമ്മാണ പദ്ധതിഗുണഭോക്താക്കൾക്ക് അർഹതപ്പെട്ട ബാക്കി തുക നൽകുകയോ തുക നൽകാത്ത വരെ പുതിയ ഭവന നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തുകയോ വേണമെന്നാണ് പുതിയ ആവശ്യം.