തിരുവനന്തപുരം: തയ്യൽ തൊഴിലാളി ക്ഷേമനിധി നിയമം കാലോചിതമായി പരിഷ്‌കരിക്കുക, ക്ഷേമനിധി ഓഫീസുകളുടെ പ്രവർത്തനം കാര്യക്ഷമമാക്കുക, പെൻഷൻ വിതരണത്തിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ആൾ കേരള ടെയിലേഴ്‌സ് അസോസിയേഷൻ (എ.കെ.ടി.എ) സംസ്ഥാന കമ്മിറ്റി തയ്യൽത്തൊഴിലാളിക്ഷേമനിധി ചീഫ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. എ.കെ.ടി.എ സംസ്ഥാന ട്രഷറർ ജി. കാർത്തികേയൻ ഉദ്ഘാടനം ചെയ്തു. കെ.പി. രവീന്ദ്രൻ, പി.ആർ. അനിൽകുമാർ, കെ.എൻ. ചന്ദ്രൻ, പി.ഡി. സണ്ണി, എം. വിജയകുമാരി തുടങ്ങിയവർ നേതൃത്വം നൽകി. സംസ്ഥാന വൈസ് പ്രസിഡന്റ് എസ്. സതികുമാർ, സെക്രട്ടറിമാരായ എം.കെ. പ്രകാശൻ, എ.എസ്. കുട്ടപ്പൻ, കെ.കെ. ബേബി, രാധാവിജയൻ തുടങ്ങിയവർ സംസാരിച്ചു. ഇന്ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും സായാഹ്ന ധർണയും 13ന് സെക്രട്ടേറിയറ്റ് മാർച്ചും നടത്തുമെന്ന് നേതാക്കൾ അറിയിച്ചു.