തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കുത്തിവയ്പ് മരുന്നുകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസ് (കെ.എസ്.ഡി.പി) സ്ഥാപിക്കുന്ന കുത്തിവയ്പ് മരുന്ന് പ്ലാന്റ് 2021ൽ യാഥാർത്ഥ്യമാകും.
ആലപ്പുഴ കലവൂർ പാതിരപ്പള്ളിയിലെ കെ.എസ്.ഡി.പിയുടെ പഴയ ഫോർമുലേഷൻ പ്ലാന്റ് നവീകരിച്ചാണ് പുതിയ പ്ലാന്റ് സ്ഥാപിക്കുക. നവീകരണ പ്രവർത്തനങ്ങൾ ഉടൻ തുടങ്ങും.
അമ്പത് കോടി രൂപയാണ് നിർമാണ ചെലവ് പ്രതീക്ഷിക്കുന്നത്. മരുന്ന് നിർമ്മാണത്തിനുള്ള യന്ത്ര സാമഗ്രികൾ ഇറക്കുമതി ചെയ്യാൻ ആഗോള ടെൻഡറുകൾ പൂർത്തിയായതായും 20കോടിയോളം രൂപ വില വരുന്ന യന്ത്രം ഇറക്കുമതി ചെയ്യാൻ സ്വിറ്റ്സർലാൻഡ് കമ്പനിക്ക് കരാർ നൽകിയെന്നും ചെയർമാൻ സി.ബി ചന്ദ്രബാബു പറഞ്ഞു. നിലവിൽ സംസ്ഥാനത്തിന് പുറത്ത് നിന്നും സ്വകാര്യ കമ്പനികളിൽ നിന്നുമാണ് കുത്തിവയ്പ് മരുന്നുകൾ ലഭിക്കുന്നത്. എന്നാൽ ഈ പ്ളാന്റ് വരുന്നതോടെ മരുന്നുകൾക്ക് പൊതുവിപണിയേക്കാൾ 60 ശതമാനം വരെ വിലക്കുറവുണ്ടാകുമെന്നും ചെയർമാൻ പറഞ്ഞു.
സി.ഇ.ടി യിലെ വിദഗ്ദരാണ് പ്ലാന്റിന്റെ സിവിൽ വർക്കുകളുടെ രൂപരേഖയും ഡിസൈനും തയ്യാറാക്കുന്നത്.
കേരളത്തിലെ സർക്കാർ ആശുപത്രികൾ, കാരുണ്യ ഫാർമസി എന്നിവയ്ക്ക് പുറമെ ആന്ധ്ര, തെലങ്കാന, കർണാടക,തമിഴ്നാട് എന്നിവിടങ്ങളിലേക്കും കെ.എസ്.ഡി.പി നിലവിൽ മരുന്നുകൾ കയറ്റി അയക്കുന്നുണ്ട്.നോൺ ബീറ്റാലാക്ടം പ്ലാന്റിൽ ഉത്പാദിപ്പിക്കുന്ന ആന്റിബയോട്ടിക്ക് മരുന്നുകൾ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് കയറ്റി അയക്കാനുള്ള ലോകാരോഗ്യ സംഘടനയുടെ അനുമതിയും നിലവിൽ കെ.എസ്.ഡി.പിക്കുണ്ട്.
പുതിയ പ്ലാന്റിലെ പ്രതിവർഷ ഉത്പാദനം
3.5കോടി ആംപ്യൂളുകൾ,
1.30കോടി എസ്.വി.പി,
1.20 കോടി എൽ.വി.പി,
88ലക്ഷം തുള്ളി മരുന്നുകൾ
എസ്.വി.പി മരുന്ന്
ആന്റി ബയോട്ടിക്കുകൾ, വേദന സംഹാരികൾ, ആന്റി ഹൈപ്പർ ടെൻസീവ്, ആന്റി വൈറൽ എന്നിവ ഉൾപ്പെടുന്ന ഇഞ്ചക്ഷനുകളാണ് എസ്.വി.പി . 1മില്ലി മുതൽ 10മില്ലി വരെയുള്ള 83ഇനം എസ്.വി.പി മരുന്നുകൾ ഇവിടെ ഉത്പാദിപ്പിക്കും.
എൽ.വി.പി മരുന്ന്
100മില്ലിയിൽ കൂടുതലുള്ള സിംഗിൾ ഡോസിനായി വിതരണം ചെയ്യുന്ന മരുന്നുകളാണിവ. ഡ്രിപ് വഴി നൽകുന്ന 14ഇനം എൽ.വി.പി മരുന്നുകൾ പ്ലാന്റിൽ ഉത്പാദിപ്പിക്കും
ഒഫ്താൽമിക് മരുന്ന്
പി.വി.സി അല്ലെങ്കിൽ ഗ്ലാസ് കുപ്പികളിൽ നിറച്ച കണ്ണിൽ ഒഴിക്കുന്ന മരുന്നുകൾ. 25ഇനം ഒഫ്താൽമിക് മരുന്നുകൾ ഉത്പാദിപ്പിക്കും.
100 തസ്തികകൾ
കുത്തിവെപ്പ് പ്ലാന്റ് വരുന്നതോടെ 100പുതിയ തസ്തികകളും സൃഷ്ടിക്കപ്പെടും. 48ഓളം സ്ഥിര ജീവനക്കാരുടെ തസ്തികയിൽ നിലവിലുള്ള ഒഴിവ് നികത്താൻ കെ.എസ്.ഡി.പി ഉടൻ വിജ്ഞാപനമിറക്കും.
പ്ലാന്റിന്റെ നിർമാണത്തിനാവശ്യമായ ടെൻഡറുകൾ വിളിച്ചിട്ടുണ്ട്. സിവിൽ വർക്കുകളുടെ ടെൻഡറുകൾ ഉടൻ പൂർത്തിയാകും. ആദ്യ ഘട്ടത്തിൽ സർക്കാർ 27കോടി രൂപ അനുവദിച്ചു. 2020 ഡിസംബറിൽ അല്ലെങ്കിൽ 2021ആദ്യം പ്ലാന്റ് കമ്മിഷൻ ചെയ്യും
- എസ്.ശ്യാമള
എം.ഡി, കെ.എസ്.ഡി.പി