തിരുവനന്തപുരം: കുരുന്നു പഠിതാക്കൾക്ക് മലയാളത്തിന്റെ വൈവിദ്ധ്യവും തനിമയും അറിയാൻ അവസരമൊരുക്കി മലയാളം പള്ളിക്കൂടത്തിലെ കേരളപ്പിറവി ദിനാഘോഷം. മലയാളത്തിന്റെ സുഗന്ധമൊരുക്കിയായിരുന്നു തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂളിൽ നടന്നകേരളപ്പിറവി ആഘോഷം. ഡോ. അച്യുത് ശങ്കറിന്റെ നേതൃത്വത്തിൽ കേരളത്തിലെ അപൂർവയിനം സുഗന്ധ പുല്ലുകളും പൂക്കളും വേരുകളും ഇലകളും ഉപയോഗിച്ചാണ് സുഗന്ധ കേരളം ഒരുക്കിയത്. മന്ത്രി എ.കെ. ബാലൻ കുട്ടികൾക്കൊപ്പം കസ്തൂരിമഞ്ഞളിന്റെ സുഗന്ധം ആസ്വദിച്ചാണ് ആഘോഷത്തിന് തുടക്കമിട്ടത്. ചിരട്ടത്താളം കൊട്ടി കുട്ടികൾ മന്ത്രിയെ സ്വീകരിച്ചു. നഗരത്തിലെ പ്രതിമകളെക്കുറിച്ച് മലയാളം പള്ളിക്കൂടത്തിലെ 44 പഠിതാക്കൾ ചേർന്ന് തയ്യാറാക്കിയ 'പ്രതിമകൾ പറയുന്ന ചരിത്രം' എന്ന പുസ്തകം ചടങ്ങിൽ മന്ത്രി പ്രകാശനം ചെയ്തു. കരമന ഹരി ആദ്യപ്രതി ഏറ്റുവാങ്ങി. കവി മധുസൂദനൻ നായർ അദ്ധ്യക്ഷനായിരുന്നു. വട്ടപ്പറമ്പിൽ പീതാംബരൻ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ഇന്ദിരാദേവി, സുരേഷ് വെള്ളിമംഗലം, ബിജു ബാലകൃഷ്ണൻ, സനൽ ഡാലുംമുഖം തുടങ്ങിയവർ സംസാരിച്ചു. 'കൃഷിയും ഭാഷയും' എന്ന വിഷയത്തിൽ കുട്ടികൾ തയ്യാറാക്കിയ നൂറോളം കലാശില്പങ്ങളുടെ പ്രദർശനം, ഡോ. എ.ബി. സ്ലീബ, കീർത്തി, നന്ദന എന്നിവർ ചേർന്ന് അവതരിപ്പിച്ച ചങ്ങമ്പുഴയുടെ 'കാവ്യനർത്തകി' എന്ന കവിതയുടെ നൃത്താവിഷ്‌കാരം, ദക്ഷ അവതരിപ്പിച്ച റിഥം യോഗ എന്നീ പരിപാടികളും നടന്നു.