വർക്കല: ചെറുന്നിയൂർ കല്ലുമലക്കുന്ന് റോഡിലെ വെള്ളക്കെട്ട് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കല്ലുമലക്കുന്ന് വാർഡിൽ മേൽവെട്ടൂർ - അകത്തുമുറി റോഡിൽ റോഡുവിള ഉദയനഗർ ജംഗ്ഷനിലെ വെള്ളക്കെട്ടാണ് കാൽനടയാത്രക്കാരുൾപ്പെടെയുള്ളവർക്ക് ദുരിതം വിതയ്ക്കുന്നത്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്റണത്തിലുള്ള അകത്തുമുറി - മേൽവെട്ടൂർ പ്രധാന റോഡിൽ നിന്നും റോഡുവിളയിലേക്കുള്ള റോഡിന്റെ തുടക്കത്തിലെ അശാസ്ത്രീയമായ പുനർനിർമ്മാണമാണ് വെള്ളക്കെട്ടിന് കാരണമായിരിക്കുന്നത്. നിരവധി തവണ പ്രദേശവാസികൾ ഗ്രാമപഞ്ചായത്ത് അധികൃതർക്ക് ഇതു സംബന്ധിച്ച് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. അടിയന്തരമായി വെള്ളക്കെട്ടിന് പരിഹാരം കാണാത്തപക്ഷം ശക്തമായ സമരപരിപാടികൾ നടത്തുമെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എസ്. ഓമനക്കുട്ടൻ അറിയിച്ചു.