പാലോട് : ഈഴവ സമുദായത്തിലെ 15 ശതമാനം ആളുകൾക്ക് പോലും അധികാരത്തിൽ പങ്കാളിത്തമോ ഉന്നത വിദ്യാഭ്യാസമോ ഭൂമിയുടെ അവകാശമോ ഇല്ലാത്ത ദയനീയ സ്ഥിതിയാണെന്നും ഈ യാഥാർത്ഥ്യം മനസിലാക്കി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പിൻവലിക്കണമെന്നും എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
നെടുമങ്ങാട് യൂണിയൻ നേതൃത്വ പരിശീലന ക്യാമ്പ് പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലയാളി മെമ്മോറിയൽ കാലം മുതൽ നായർ സമുദായത്തിന് സഹായകരമായ നിലപാടാണ് ഈഴവ സമൂഹം സ്വീകരിച്ചിട്ടുള്ളത്. നാരായണപ്പണിക്കർ ചേട്ടൻ വരെയുള്ള നായർ സമുദായ നേതാക്കളാരും ഈഴവരുൾപ്പെടെയുള്ള പിന്നാക്ക വിഭാഗങ്ങളെ നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവർത്തിച്ചിട്ടില്ല. എന്നാൽ, സുകുമാരൻ നായരുടെ നിലപാടുകൾ വേദനാജനകമാണ്. ഈഴവ സമുദായത്തെ അടച്ചാക്ഷേപിച്ചു കൊണ്ട് സമുദായത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന തുച്ഛമായ ആനുകൂല്യങ്ങൾ തട്ടിത്തെറിപ്പിക്കാനും അതുവഴി ഈഴവരെ ദ്രോഹിക്കാനുമാണ് സുപ്രീംകോടതിയിൽ തെറ്റായ അഫിഡവിറ്റ് നല്കിയതിലൂടെ അദ്ദേഹം ശ്രമിച്ചത്. ഭൂപരിഷ്കരണ നിയമം വഴി മൂന്നും അഞ്ചും സെന്റ് സമുദായത്തിലെ ചെറിയൊരു വിഭാഗത്തിന് ലഭിച്ചപ്പോൾ അതോടെ ഈഴവരാകെ ഭൂപ്രഭുക്കന്മാരായി മാറിയെന്നാണ് സുകുമാരൻ നായർ സത്യവാങ്മൂലത്തിൽ പറയുന്നത്. മഹാഭൂരിപക്ഷം ഈഴവ സമുദായ അംഗങ്ങളും ഒരു തുണ്ട് ഭൂമി സ്വന്തമാക്കാനോ വീട് വയ്ക്കാനോ കഴിയാതെ കഴിയുകയാണെന്നതാണ് യാഥാർത്ഥ്യം.
യൂണിയൻ ചെയർമാൻ എ. മോഹൻദാസിന്റെ അദ്ധ്യക്ഷതയിൽ കൺവീനർ രാജേഷ് നെടുമങ്ങാട് സ്വാഗതം പറഞ്ഞു. പി.എസ്.സി പരീക്ഷയിൽ റാങ്ക് നേടിയ അഭിലാഷ് വെള്ളനാടിനെ ജനറൽ സെക്രട്ടറി പൊന്നാട അണിയിച്ച് ആദരിച്ചു. യോഗം അസി. സെക്രട്ടറി കെ.എ. ബാഹുലേയൻ, യോഗം കൗൺസിലർ പച്ചയിൽ സന്ദീപ്, പത്രാധിപർ സ്മാരക യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ്, ഡയറക്ടർ ബോർഡ് മെമ്പർ അഡ്വ. പ്രദീപ് കുറുന്താളി, യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി അംഗങ്ങളായ വി.കെ. ചന്ദ്രമോഹൻ, ജെ.ആർ. ബാലചന്ദ്രൻ, ഡോ. എസ്. പ്രതാപൻ, ഗോപാലൻ റൈറ്റ്, യൂത്ത് മൂവ്മെന്റ് ചെയർമാൻ നന്ദിയോട് രാജേഷ്, കൺവീനർ പഴകുറ്റി അനിൽകുമാർ, വനിതാസംഘം ചെയർപേഴ്‌സൺ ലതാകുമാരി, കൺവീനർ കൃഷ്ണ റൈറ്റ് എന്നിവർ സംസാരിച്ചു. സംഘടനാ പ്രവർത്തനം എന്ന വിഷയത്തിൽ മുൻ ഡി.ജി.പി അലക്‌സാണ്ടർ ജേക്കബും, യോഗവും സംഘടനാ പ്രവർത്തനവും എന്ന വിഷയത്തിൽ കോട്ടയം യൂണിയൻ വൈസ് പ്രസിഡന്റ് വി.എം. ശശിയും, ഗുരുദേവ ദർശനങ്ങളെക്കുറിച്ച് പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളിയും ക്ലാസ് നയിച്ചു.
.......................
ക്യാപ്
എസ്.എൻ.ഡി.പി യോഗം നെടുമങ്ങാട് യൂണിയൻ നേതൃത്വ ക്യാമ്പ് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പാലോട് വൃന്ദാവനം കൺവെൻഷൻ സെന്ററിൽ ഉദ്‌ഘാടനം ചെയ്യുന്നു. യൂണിയൻ ചെയർമാൻ എ. മോഹൻദാസ്, കൺവീനർ രാജേഷ് നെടുമങ്ങാട്, പച്ചയിൽ സന്ദീപ്, കെ.എ. ബാഹുലേയൻ, ഡി. പ്രേംരാജ്, സിനിൽ മുണ്ടപ്പള്ളി, അഡ്വ. പ്രദീപ് കുറുന്താളി, വി.കെ. ചന്ദ്രമോഹൻ, ജെ.ആർ. ബാലചന്ദ്രൻ, ഡോ. എസ്. പ്രതാപൻ, ഗോപാലൻ റൈറ്റ് തുടങ്ങിയവർ സമീപം