വർക്കല: ഒരു ടൂറിസം സീസൺ കൂടി അരികിലെത്തുമ്പോൾ പാപനാശം ബീച്ചിന് പറയാൻ പരിഭവങ്ങളേറെ.പ്രഖ്യാപനങ്ങളിൽ മാത്രം നിറഞ്ഞ് നിൽക്കുന്ന പാപനാശത്തിന് അടിസ്ഥാന സൗകര്യങ്ങൾ എന്നത് എന്നും ഒരുതീരാദുരിതമായിരുന്നു.
പാപനാശത്ത് ടൂറിസം സീസൺ ആരംഭിക്കാൻ ഇനി ആഴ്ചകൾ മാത്രമാണ് ബാക്കിയുള്ളത്.
സഞ്ചാരികളെത്തുമ്പോൾ വേണ്ട ഒരു അടിസ്ഥാന സൗകര്യവും തീരത്ത് ഒരുക്കിയിട്ടില്ല. ടൂറിസംവകുപ്പും നഗരസഭയും ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. സ്വകാര്യ റിസോർട്ടുകളും ഹോട്ടലുകളുമെല്ലാം മോടിപിടിപ്പിക്കുന്ന തിരക്കിലാണ്. പാപനാശത്തെ ടൂറിസം വികസനം എന്നും പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങുകയാണ്. നവംബർ പകുതിയോടെ സീസൺ ആരംഭിക്കും. പാപനാശം തീരത്ത് പൊതു ടോയ്ലറ്റുകളോ മതിയായ ഇരിപ്പിടമോ ഇല്ല. സുരക്ഷയുടെ കാര്യത്തിലും അധികൃതർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്നാണ് പൊതുവെയുളള ആക്ഷേപം.
തീരത്ത് കൂടുതൽ പൊലീസിനെ നിയോഗിക്കുമെന്ന ആഭ്യന്തര വകുപ്പിന്റെ ഉറപ്പുകൾ പാഴ്
വാക്കായി മാറി. വിനോദസഞ്ചാരികളായി എത്തുന്നവർ അപകടത്തിൽ പെടുന്നത് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ ലൈഫ്ഗാർഡുകളെ നിയോഗിക്കേണ്ടതുണ്ട്. പാപനാശം ക്ലിഫിൽ നിരവധി തവണ തീപിടിത്തങ്ങളുണ്ടായിട്ടുണ്ട്. ഫയർപോഴ്സിന്റെ വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത രീതിയിൽ താത്കാലിക ഷെഡുകൾ കെട്ടിയാണ് പലരും കച്ചവടം നടത്തുന്നത്. ഇടുങ്ങിയ ഭാഗങ്ങളിൽ അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ ഫയർഫോഴ്സിന്റെ വാഹനങ്ങൾക്ക് രക്ഷാപ്രവർത്തനങ്ങൾ നടത്തുവാൻ കഴിയുന്നില്ല. ഫയർഹൈഡ്രെന്റ് വേണമെന്ന ആവശ്യം ഇതുവരെ നടപ്പിലാക്കിയിട്ടില്ല.
തീരസംരക്ഷണത്തിന് 6 പൊലീസുകാർ
രണ്ട് സൂപ്പർവൈസർ ഉൾപെടെ ലൈഫ് ഗാർഡുകൾ: 16
( പാപനാശം മുതൽ തിരുവമ്പാടി ബീച്ചു വരെ)
അനാസ്ഥ ഇങ്ങനെ
ലൈഫ്ഗാർഡുകൾക്ക് അത്യാധുനിക ജീവൻരക്ഷാ ഉപകരണങ്ങളില്ല
തിരയിലകപ്പെടുന്നവരെ രക്ഷിക്കാൻ ഫൈബർ ബോട്ടുകൾ ഇല്ല
സ്ട്രക്ചർ സംവിധാനം വേണമെന്ന ആവശ്യം പരിഹരിക്കപ്പെട്ടില്ല.
പൊതു വിശ്രമകേന്ദ്രം ഒരുക്കുമെന്ന പ്രഖ്യാപനങ്ങളും നടപ്പായില്ല.
പാപനാശത്ത് സ്ഥിരം ആംബുലൻസ് സേവനം ഏർപെടുത്താനായില്ല
ഇ ടോയ്ലറ്റ് ഒരുക്കുമെന്ന നഗരസഭയുടെ ഉറപ്പും ഫലംകണ്ടില്ല.
ദുരന്ത നിവാരണ സംവിധാനവും താളംതെറ്റിക്കിടക്കുകയാണ്.