തിരുവനന്തപുരം / കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കോഴിക്കോട്ട് അറസ്റ്റ് ചെയ്‌ത സി. പി. എം. ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തിയതിൽ പ്രതിഷേധം മുറുകുകയും, സർക്കാരും സി.പി.എമ്മും പ്രതിരോധത്തിലാവുകയും ചെയ്‌തതോടെ നടപടി പുന:പരിശോധിക്കാൻ പൊലീസ് നിർബന്ധിതമായി.
ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയോ സർക്കാരോ അറിയാത്ത നടപടി പുന:പരിശോധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിർദ്ദേശം കൂടി പരിഗണിച്ചാണ് യു.എ.പി.എ നിലനിൽക്കുമോ എന്നു പരിശോധിക്കാൻ എ.ഡി.ജി.പിയോടും ഉത്തരമേഖലാ ഐ.ജിയോടും ഡി.ജി.പി ലോക്‌നാഥ് ബെഹ്റ ആവശ്യപ്പെട്ടത്.
താൻ അറിയാതെയുള്ള വിവാദ നടപടിയിൽ പൊലീസ് മേധാവിയോട് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.
അതേസമയം, അറസ്റ്റിലായ അലൻ ഷുഹൈബും താഹ ഫസലും നഗരങ്ങൾ കേന്ദ്രീകരിച്ച് മാവോയിസ്റ്റ് ആശയപ്രചരണം നടത്തുന്ന അർബൻ നക്സൽ ഗ്രൂപ്പിന്റെ ഭാഗമാണെന്ന നിലപാടിലാണ് പൊലീസ്. യു.എ.പി.എ ചുമത്തിയത് പുന:പരിശോധിച്ചാലും, ശക്തമായ അന്വേഷണം ഉണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് ആവർത്തിച്ചു.
അതിനിടെ, സി.പി.എം പ്രവർത്തകരായ യുവാക്കൾക്കെതിരെ ഭീകരവിരുദ്ധ നിയമം ചുമത്തിയതിന് പാർട്ടിയിൽ നിന്നുതന്നെ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമായി. യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വേട്ട വ്യാജ ഏറ്റുമുട്ടലാണെന്ന് പരസ്യ നിലപാടെടുത്ത സി.പി.ഐ, ഈ സംഭവത്തോടെ സി.പി.എമ്മിന് എതിരെ സ്വരം കൂടുതൽ കടുപ്പിക്കുകയും ചെയ്തു.
പി.ബി. അംഗം എം.എ. ബേബിക്കു പിന്നാലെ എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ ഉൾപ്പെടെയുള്ള നേതാക്കളും ഇന്നലെ പൊലീസ് നടപടിയെ വിമർശിച്ചു. ധനമന്ത്രി തോമസ് ഐസക്, ഇന്നലെ രാത്രി യുവാക്കളുടെ വീട്ടിൽ എത്തി രക്ഷിതാക്കളുമായി സംസാരിച്ചു.
അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുന്ന രേഖകൾ കിട്ടിയെന്നാണ് നേരത്തെ ഐ.ജി അശോക് യാദവ് പറഞ്ഞത്.
താഹ ഫസലിന്റെ മുറിയിൽ നിന്ന് കണ്ടെടുത്തതായി പറയുന്ന 'ജമ്മു കാശ്മീർ സ്വാതന്ത്ര്യ പോരാട്ടത്തെ പിന്തുണയ്ക്കുക' എന്നെഴുതിയ ബാനറും, 'മാവോവാദി വേട്ടയ്ക്കെതിരെ ജനങ്ങൾ രംഗത്തിറങ്ങുക' എന്ന തലക്കെട്ടിൽ ജോഗിയുടെ പേരിലുള്ള നോട്ടീസുമാണ് പൊലീസ് കോടതിയിൽ നൽകിയ തെളിവുകൾ. ഇതൊന്നും ഭീകരവിരുദ്ധ നിയമം ചുമത്താനുള്ള തെളിവുകളല്ലെന്ന് യു.എ.പി.എ സംസ്ഥാനസമിതി അദ്ധ്യക്ഷൻ തന്നെ വ്യക്തമാക്കിയതോടെ നടപടി പിൻവലിച്ച് തലയൂരാനാണ് പൊലീസ് നോക്കുന്നത്. അതേസമയം, റിമാൻഡിലുള്ള അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും ജാമ്യാപേക്ഷ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കമന്റ്
പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. എല്ലാ തെളിവുകളും വിലയിരുത്തിയതിനു ശേഷം, യു.എ.പി.എ നിലനിൽക്കുമോ എന്ന് പരിശോധിക്കും. ഇതനുസരിച്ച് കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും.
- ലോക്‌നാഥ് ബെഹ്റ
സംസ്ഥാന പൊലീസ് മേധാവി
മൂന്നാമൻ ജോഗിയോ?
വെള്ളിയാഴ്ച രാത്രി അലൻ ഷുഹൈബിന്റെയും താഹ ഫസലിന്റെയും കൂടെയുണ്ടായിരുന്ന മൂന്നാമനെക്കുറിച്ച് വ്യക്തമായ സൂചന കിട്ടിയതായും ഇയാൾ ഉടൻ പിടിയിലാകുമെന്നും പൊലീസ്. സി.പി.എം (മാവോയിസ്റ്റ്) പശ്ചിമഘട്ട പ്രത്യേക മേഖലാ കമ്മിറ്റി വക്താവ് ജോഗിയാണ് ഇയാളെന്ന് ഉറപ്പിച്ചാണ് നീക്കങ്ങൾ. അലനെയും താഹയെയും ചോദ്യം ചെയ്തതോടെ ജോഗിയുടെ വിവരങ്ങൾ ലഭിച്ചതായി റിപ്പോർട്ടുണ്ട്. ഓടി രക്ഷപ്പെട്ട മൂന്നാമന്റെ ബാഗിൽ നിന്നാണ് ലഘുലേഖകൾ കണ്ടെടുത്തതെന്നും അറസ്റ്റിലായവർക്ക് ഇയാളുമായി ബന്ധമില്ലെന്നും അലന്റെയും താഹയുടെയും വീട്ടുകാർ പറയുന്നു.
അർബൻ നക്സൽ
ചലച്ചിത്ര സംവിധായകനും ആക്ടിവിസ്റ്റുമായ വിവേക് അഗ്നിഹോത്രിയാണ് 'അർബൻ നക്സൽ' എന്ന് ആദ്യം പ്രയോഗിച്ചത്. 'ബുദ്ധ ഇൻ ട്രാഫിക് ജാം' എന്ന ചിത്രം സംവിധാനം ചെയ്ത വിവേകിന്റെ ഒരു പുസ്തകത്തിന്റെ പേര് 'അർബൻ നക്സൽസ്' എന്നാണ്. മാവോയിസ്റ്റുകളെ സഹായിക്കുന്ന, നഗരകേന്ദ്രീകൃതമായി പ്രവർത്തിക്കുന്ന അനുഭാവികളെയാണ് അർബൻ നക്സലുകൾ എന്നു വിളിക്കുന്നത്. ഭരണകൂടത്തെ പുറന്തള്ളുക എന്ന പദ്ധതിയോടെ പോരാളികൾ വനപ്രദേശങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമ്പോൾ പരമ്പരാഗത മാദ്ധ്യമങ്ങളിലൂടെയും സമൂഹ മാദ്ധ്യമങ്ങൾ വഴിയും ഇവർക്കായി പ്രചാരണം നടത്തുകയാണ് അർബൻ നക്സലുകളുടെ ദൗത്യം.