
കല്ലമ്പലം: മദ്യ ലഹരിയിലായിരുന്ന യുവാവ് ഓടിച്ച ബൈക്കിടിച്ച് പരിക്കേറ്റ ആൾ മരിച്ച സംഭവത്തിൽ പ്രതി പിടിയിലായി. മടവൂർ വേമൂട് ചരുവിള വീട്ടിൽ വിശ്വംഭരന്റെ മകൻ അജിത്ത് (23) ആണ് പിടിയിലായത്. കല്ലറയുള്ള ഭാര്യ വീട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. പള്ളിക്കൽ മുതലക്കുളങ്ങര ഹൗസിൽ അബ്ദുൽ കലാം - ആബിദാബീവി ദമ്പതികളുടെ മകൻ സിദ്ദീഖ് (26) ആണ് മരിച്ചത്. എതിർ ദിശയിൽ നിന്ന് അമിതവേഗതയിൽ വന്ന അജിത്തിന്റെ ബൈക്ക് നിയന്ത്രണം തെറ്റി സിദ്ദിഖിന്റെ ബൈക്കിൽ ഇടിക്കുകയും ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് ചോരവാർന്നു മരിക്കുകയുമായിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് രാത്രി പള്ളിക്കൽ മൂതലയിലായിരുന്നു അപകടം. അവധി കഴിഞ്ഞ് പിറ്റേദിവസം വിദേശത്തേക്ക് പോകാനിരിക്കെ സുഹൃത്തുക്കളിൽ ചിലരെക്കണ്ട് യാത്ര ചോദിക്കാനായി രാത്രി എട്ടരയോടെ ബൈക്കുമായി വീട്ടിൽ നിന്നിറങ്ങിയതായിരുന്നു സിദ്ദീഖ്. പ്രതി മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടകാരണമെന്നും ഇത് പൊലീസിനു ബോദ്ധ്യപ്പെട്ടിട്ടും നടപടിയെടുത്തില്ലെന്ന് ബന്ധുക്കൾ ആക്ഷേപമുന്നയിച്ചിരുന്നു. പള്ളിക്കൽ സി.ഐ അജി ജി. നാഥിന്റെ നേതൃത്വത്തിൽ എസ്.ഐ അനിൽ കുമാർ, എ.എസ്.ഐ ഉദയകുമാർ, ബിജുമോൻ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.