വർക്കല: മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഗാന്ധി സങ്കല്പ യാത്ര ഇന്ന് രാവിലെ 9 ന് ശിവഗിരിയിൽ നിന്ന് ആരംഭിക്കും. കേന്ദ്ര മന്ത്രി വി. മുരളീധരനാണ് സങ്കല്പ യാത്ര നയിക്കുന്നത്. രാവിലെ 9 ന് മഹാസമാധിയിൽ പ്രാർത്ഥനയ്ക്കു ശേഷം ശാരദാമഠത്തിനു സമീപം മഹാത്മാഗാന്ധിയും ശ്രീനാരായണഗുരുദേവനും കൂടിക്കാഴ്ച നടത്തിയ മാവിൻ ചുവട്ടിൽ പുഷ്പാർച്ചന നടത്തും.
തുടർന്ന് ആലിൻ ചുവട്ടിൽ തയ്യാറാക്കിയ വേദിയിൽ വച്ച് ഗാന്ധിയൻ ഗോപിനാഥൻ നായർ ഗാന്ധി സങ്കല്പയാത്രയുടെ ഉദ്ഘാടനം നിർവഹിക്കും. സമ്മേളനത്തിലും യാത്രയിലും ബി.ജെ.പി സംസ്ഥാന, ജില്ലാ നേതാക്കളും സന്നദ്ധ സംഘടനാ നേതാക്കളും പങ്കെടുക്കും.
ശിവഗിരിയിൽ നിന്ന് ആരംഭിക്കുന്ന യാത്ര മഠിന്റെ മൂട്, ആയുർവേദ ആശുപത്രി ജംഗ്ഷൻ, പുത്തൻചന്ത, മരക്കടമുക്ക്, പാലച്ചിറ, നരിക്കല്ല് എന്നീ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങും. തുടർന്ന് വടശ്ശേരിക്കോണത്ത് ഉച്ചഭക്ഷണത്തിനായി വിശ്രമം. 2ന് ഞെക്കാട് സ്കൂൾ ജംഗ്ഷനിൽ ജനസഭ. 3ന് വീണ്ടും യാത്ര ആരംഭിച്ച് ഞെക്കാട്, ചേനൻകോട്, പ്രസിഡന്റ് മുക്ക്, മാവിൻമൂട് എന്നിവിടങ്ങളിൽ സ്വീകരണം. തുടർന്ന് 5.30ന് കല്ലമ്പലത്ത് പൊതുസമ്മേളനത്തോടെ യാത്ര സമാപിക്കും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, സംസ്ഥാന വക്താവ് എം.എസ്. കുമാർ, സംസ്ഥാന സെക്രട്ടറിമാരായ സി. ശിവൻകുട്ടി,
ജെ.ആർ. പത്മകുമാർ, കെ.എ. ബാഹുലേയൻ, ഉപാദ്ധ്യക്ഷൻ ഡോ. പി.പി. വാവ, പട്ടിക മോർച്ച അദ്ധ്യക്ഷൻ അഡ്വ. സുധീർ, ഒ.ബി.സി മോർച്ച അദ്ധ്യക്ഷൻ പുഞ്ചക്കരി സുരേന്ദ്രൻ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, ദക്ഷിണമേഖല ഉപാദ്ധ്യക്ഷൻ തോട്ടയ്ക്കാട് ശശി, ജില്ല വൈസ് പ്രസിഡന്റ് മലയിൻകീഴ് രാധാകൃഷ്ണൻ, കല്ലയം വിജയകുമാർ, എം. ബാലമുരളി, സംസ്ഥാന സമിതി അംഗം ഇലകമൺ സതീശൻ, മണ്ഡലം പ്രസിഡന്റുമാരായ മണമ്പൂർ ദിലീപ്, ഹരിലാൽ തുടങ്ങിയവർ സങ്കല്പയാത്രയിലും പൊതുപരിപാടികളിലും നേതൃത്വം നൽകും. സ്വാതന്ത്ര്യ സമര സേനാനി കെ. രാമകൃഷ്ണനെ (ചേന്നൻകോട്) വീട്ടിലെത്തി കേന്ദ്ര മന്ത്രി ആദരിക്കും.