vettakalam

തിരുവനന്തപുരം: ഇന്ന് രാത്രി ശംഖുംമുഖത്ത് നടക്കുന്ന ആറാട്ടോടുകൂടി പത്തുനാൾ നീണ്ട ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് സമാപനമാകും. വൈകിട്ട് അഞ്ചോടെ ആറാട്ട് ചടങ്ങുകൾ ആരംഭിക്കും. തിരുവല്ലം പരശുരാമക്ഷേത്രം, നടുവൊത്ത് മഹാവിഷ്ണുക്ഷേത്രം, അരകത്ത് ദേവിക്ഷേത്രം, പാൽക്കുളങ്ങര ചെറിയ ഉദേശ്വരം ക്ഷേത്രം എന്നിവിടങ്ങളിൽ നിന്നുള്ള ആറാട്ട് വിഗ്രഹങ്ങൾ പടിഞ്ഞാറെ നടയിൽ നേരത്തേ എഴുന്നള്ളിച്ച് നിറുത്തും. ശ്രീപദ്മനാഭസ്വാമി, തെക്കേടം നരസിംഹമൂർത്തി, തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി എന്നീ വിഗ്രഹങ്ങളെ പടിഞ്ഞാറെ നടവഴി എഴുന്നള്ളിക്കും. മറ്റ് വിഗ്രഹങ്ങളും സംഗമിച്ചാണ് ആറാട്ട് ഘോഷയാത്ര ശംഖുംമുഖത്തേക്ക് നീങ്ങുക. ആറാട്ടിന് ശേഷം എഴുന്നള്ളത്ത് ക്ഷേത്രത്തിൽ തിരിച്ചെത്തുന്നതോടെ ഉത്സവത്തിന് കൊടിയിറങ്ങും.
ഉത്സവത്തിലെ പ്രധാന ചടങ്ങായ പള്ളിവേട്ട ഇന്നലെ രാത്രി നടന്നു. ശ്രീപദ്മനാഭസ്വാമിയുടെ വില്ലേന്തിയ വിഗ്രഹത്തിനൊപ്പം തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയെയും നരസിംഹമൂർത്തിയെയും പടിഞ്ഞാറെ നടയിലൂടെ പുറത്തെഴുന്നള്ളിച്ചു. പൊലീസും കുതിരപ്പട്ടാളവും കോൽക്കാരും കുന്തക്കാരും മറ്റ് ഉദ്യോഗസ്ഥരും അകമ്പടി സേവിച്ചു. വാദ്യമേളങ്ങളൊന്നും ഉപയോഗിക്കാതെ നിശബ്ദമായാണ് ഘോഷയാത്ര സുന്ദരവിലാസം കൊട്ടാരത്തിന് മുന്നിലെ വേട്ടക്കളത്തിലെത്തിയത്. രാജകുടുംബാംഗം മൂലം തിരുനാൾ രാമവർമ്മ വേട്ടക്കളത്തിൽ പ്രതീകാത്മക പള്ളിവേട്ട നടത്തി. തുടർന്ന് വിഗ്രഹം വടക്കേ നടവഴി ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളിച്ചു.