george-onakoor
GEORGE ONAKOOR

തിരുവനന്തപുരം: മനുഷ്യപക്ഷത്തു നിൽക്കുന്ന എഴുത്തുകാരനാണ് ഡോ. ജോർജ് ഓണക്കൂർ. അങ്ങനെയുള്ള ഓണക്കൂറിനെ ശനിയാഴ്ചയുണ്ടായ ഒറ്റപ്പെട്ട വിമർശനം ചെറുതല്ലാതെ വേദനിപ്പിച്ചു. വിവാദങ്ങൾ തുടരുന്നതിൽ ഒരു താത്പര്യവും ഇല്ലാത്ത ഓണക്കൂർ സംഭവത്തെ കുറിച്ച് ഇന്നലെ പ്രതികരിച്ചു.

''എനിക്ക് പ്രത്യേക രാഷ്ട്രീയ ഭ്രാന്ത് ഒന്നുമില്ല. ഞാനൊരു ജനാധിപത്യ മതേതരവാദിയാണ്. ഇവിടെ രണ്ട് പെൺകുഞ്ഞുങ്ങൾക്ക് ഇങ്ങനെ ഒരു അപകടമുണ്ടായപ്പോൾ ഒരു പിതാവെന്ന നിലയിൽ എന്റെ ഹൃദയം അവരോടൊപ്പമാണ്. വാളയാറിലെ ആ ദുഃഖിക്കുന്ന അമ്മയോടൊപ്പമാണ്. അവരുടെ വേദനയിൽ പങ്കു ചേർന്നുകൊണ്ട് ആര് ഉപവാസം നടത്തിയാലും ന്യായത്തിന്റെ പക്ഷത്ത് ‌‌‌ഞാനുണ്ടാകും. രാഷ്ട്രീയ പക്ഷം അതിനകത്തില്ല. എനിക്കൊരു രാഷ്ട്രീയവും ഇല്ല. ഉപവാസം നടത്തിയ കുമ്മനം രാജശേഖരൻ എനിക്കു വളരെ നാളായി അറിയാവുന്ന ആളാണ്. വ്യക്തിപരമായി നല്ല അടുപ്പമുണ്ട്. അതിൽ ആരും രാഷ്ട്രീയം കലർത്തില്ല. അദ്ദേഹം ഒരു നല്ലകാര്യത്തിനായി ഉപവാസം നടത്തുന്നു. അതിലേക്ക് എന്നെ ക്ഷണിച്ചപ്പോൾ എനിക്കു പങ്കെടുക്കാനേ തോന്നിയുള്ളൂ. അദ്ദേഹം എന്നോടു കാണിച്ചൊരു സ്നേഹത്തിന് എന്റേതായ രീതിയിൽ പ്രതികരിച്ചുവെന്നല്ലാതെ അതിനകത്ത് രാഷ്ട്രീയം കലർത്തരുത്. ആ ചുംബനത്തിൽ രാഷ്ട്രീയം വേണ്ട. നമുക്ക് സ്നേഹം മാത്രം മതി.

എനിക്കിഷ്ടമുള്ളവർ തന്നെ ഇങ്ങനെയൊക്കെ പ്രതികരിക്കുമ്പോൾ എനിക്കു സങ്കടമുണ്ട്. അതല്ലാതെ എനിക്കാരോടും ഒരു വെറുപ്പുമില്ല. ഞാനൊരു ആക്ടിവിസ്റ്റല്ല. ഞാനൊരു വലിയ സമര നേതാവും അല്ല. മനുഷ്യപക്ഷത്ത് നിൽക്കുന്ന എഴുത്തിന്റെ പക്ഷത്ത് നിൽക്കുന്ന കഷ്ടപ്പെടുന്നവരോടൊക്കെ സ്നേഹം കാണിക്കുന്ന ഒപ്പം നിൽക്കുന്ന ഒരാൾ മാത്രം''.

കുമ്മനം രാജശേഖരന് ചുംബനം നൽകിയ ഡോ. ജോർജ് ഓണക്കൂറിനൊപ്പം വേദി പങ്കിടില്ലെന്ന് ഒരു എഴുത്തുകാരി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. തുടർന്ന് നടന്ന ഒരു സാംസ്കാരിക പരിപാടിയിൽ നിന്ന് ഓണക്കൂറിനെ ഒഴിവാക്കിയത് വിവാദമായിരുന്നു.