നെടുമങ്ങാട്: ലക്ഷങ്ങൾ ചെലവിട്ടു നിർമ്മിച്ച മാർക്കറ്റും സ്ലാട്ടർ ഹൗസും കാടുകയറി നശിക്കുമ്പോൾ പനവൂരിൽ മീൻകച്ചവടവും ഇറച്ചിക്കടകളും പ്രവർത്തിക്കുന്നത് തിരക്കേറിയ പൊതു നിരത്തിൽ. ഗതാഗതകുരുക്കും വാഹനാപകടങ്ങളും പെരുകിയിട്ടും പൊതുമാർക്കറ്റ് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവിടെ എത്തുന്നവർ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് റോഡിന്റെ ഓരത്താണ്. നേരത്തെ ആഴ്ചയിൽ രണ്ട് ദിവസം നടന്നിരുന്ന വിപുലമായ ഗ്രാമചന്ത ഇപ്പോൾ പനവൂർ ജംഗ്‌ഷന് അന്യമാണ്. നാലു വർഷം മുമ്പ് കെട്ടിയിട്ട സ്ലോട്ടർ ഹൗസിന്റെ ഭാഗങ്ങൾ ഇടിഞ്ഞു തുടങ്ങി. കശാപ്പുകാർ ഇപ്പോൾ കാലി വളർത്തലിനാണ് അറവുശാലയും മാർക്കറ്റും ഉപയോഗിക്കുന്നത്. പൊതുസ്ഥലത്ത് കശാപ്പു ചെയ്യുന്ന മൃഗങ്ങളുടെ മാംസാവശിഷ്ടങ്ങൾ ഇവിടെ കുമിഞ്ഞു കൂടുകയാണ്. മാർക്കറ്റിനുള്ളിൽ കയറാൻ മൂക്ക് പൊത്തേണ്ട അവസ്ഥ. തട്ടിക്കൂട്ട് കെട്ടിടങ്ങളാണ് പൊതുമാർക്കറ്റിന് വേണ്ടി നിർമ്മിച്ചതെന്നും ആക്ഷേപമുണ്ട്. മത്സ്യക്കച്ചവടത്തിന് യാതൊരു സംവിധാനവും ഒരുക്കിയിരുന്നില്ല. പച്ചക്കറി കച്ചവടക്കാരുടെ കാര്യവും വ്യത്യസ്ഥമല്ല. അശാസ്ത്രീയമായി കെട്ടിയുണ്ടാക്കിയ മാർക്കറ്റിലേക്ക് മാറാൻ കച്ചവടക്കാർ തയാറാകുന്നതുമില്ല.
മുൻ ഭരണസമിതിയാണ് സ്ലാട്ടർ ഹൗസ് നിർമ്മിക്കാൻ തീരുമാനമെടുത്തത്. രണ്ട് കെട്ടിടങ്ങളും ഒരു തൊഴുത്തും പൊതു ശൗചാലയവുമാണ് അന്ന് പണികഴിപ്പിച്ചത്. മാർക്കറ്റ് പ്രവർത്തനത്തിന് ആവശ്യമായ മുറികളോ കൗണ്ടറുകളോ പണിതില്ല.
മാസ്റ്റർ പ്ലാനിന്റെ അഭാവമാണ് മാർക്കറ്റ് നവീകരണം തകിടം മാറിയാൻ കാരണമെന്ന് നാട്ടുകാർ പറയുന്നു. ഇക്കാര്യം തുടക്കത്തിലെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നെങ്കിലും ഭരണസമിതി ചെവിക്കൊണ്ടില്ല. പലഘട്ടങ്ങളിലായി 75 ലക്ഷം രൂപ ചെലവിട്ട് നിർമ്മിച്ച മാർക്കറ്രും സ്ലാട്ടർ ഹൗസുമാണ് കാടുകയറി നശിക്കുന്നത്.
മാർക്കറ്റ് തുടങ്ങാൻ സ്ഥലം വാങ്ങിയത് പഞ്ചായത്തിന്റെ തനതു ഫണ്ടുപയോഗിച്ചാണ്. ഇവിടെ കെട്ടിടം കെട്ടാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. എന്നാൽ, സ്ലാട്ടർ ഹൗസിന്റെ പ്രവർത്തനാനുമതി സംബന്ധിച്ച് സാങ്കേതിക തടസം മാത്രമാണ് മാർക്കറ്റ് തുറക്കാൻ തടസമെന്നാണ് പഞ്ചായത്തധികൃതരുടെ വാദം. നിലവിൽ സർക്കാർ അനുവദിച്ച പൊലീസ് സ്‌റ്റേഷനും പ്ലാസ്റ്റിക് മാലിന്യ സംസ്‌കരണ യൂണിറ്റും തുടങ്ങാൻ മാർക്കറ്റും അനുബന്ധ കെട്ടിടങ്ങളും വിട്ടു കൊടുക്കുന്നതിനെ കുറിച്ചാണ് ഭരണസമിതിയുടെ ആലോചന.