തിരുവനന്തപുരം: ശ്രീചിത്തിരതിരുനാൾ സ്മാരക സംഗീത നാട്യ കലാകേന്ദ്രം സംഘടിപ്പിച്ച അനന്തപുരി നൃത്തസംഗീതോത്സവം സമാപിച്ചു. അയ്യങ്കാളി ഹാളിൽ നടന്ന സമാപന സമ്മേളനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്തു. കുട്ടികളിലെ എല്ലാ കഴിവുകളും കണ്ടെത്താൻ കഴിയുന്നതാവണം വിദ്യാഭ്യാസമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നമ്മുടെ വിദ്യാഭ്യാസം പരിഷ്കൃതമാണ്, എന്നാൽ സമ്പൂർണമല്ല. കുട്ടികളിലെ കലാവാസനകളെ പരിപോഷിപ്പിക്കാൻ ഇത്തരം പരിപാടികൾക്കാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനറൽ കൺവീനർ ബിജു രമേശ് അദ്ധ്യക്ഷനായി. കലാകേന്ദ്രം വൈസ് പ്രസിഡന്റ് കെ. ബാലചന്ദ്രൻ ആമുഖപ്രഭാഷണം നടത്തി. ഐ.ബി. സതീഷ് എം.എൽ.എ മുഖ്യാതിഥിയായി. ധർമാലയം കൃഷ്ണൻ നായർ, കലാകേന്ദ്രം ചെയർമാൻ ഡോ. ജി. രാജ്മോഹൻ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ വൈക്കം വേണുഗോപാൽ, ഷിബു പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കലാകേന്ദ്രം കാട്ടാക്കട സെന്റർ ചെയർമാൻ നവോദയ വി. കൃഷ്ണൻകുട്ടി, വിലാസിനി, ഗിരീഷ്, രഞ്ജിനി എന്നിവരെ ആദരിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് സ്വാഗതവും ജി. മാധവദാസ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനവും വിതരണം ചെയ്തു. തുടർന്ന് മദ്രാസ് കലാക്ഷേത്ര വിലാസിനി ചിട്ടപ്പെടുത്തി കലാക്ഷേത്രം വിദ്യാർത്ഥികൾ അവതരിപ്പിച്ച നൃത്തസന്ധ്യയും അരങ്ങേറി.
ഫോട്ടോ: പന്ത്രണ്ട് ദിവസം നീണ്ടുനിന്ന അനന്തപുരി നൃത്തസംഗീതോത്സവത്തിന്റെ സമാപന സമ്മേളനം കെ.ടി.ഡി.സി ചെയർമാൻ എം. വിജയകുമാർ ഉദ്ഘാടനം ചെയ്യുന്നു. ഡോ. ബിജു രമേശ്, ഡോ. ജി. രാജ്മോഹൻ, ശോഭനാ ജോർജ്, ഐ.ബി. സതീഷ് എം.എൽ.എ തുടങ്ങിയവർ സമീപം