തിരുവനന്തപുരം:വട്ടിയൂർക്കാവ് മണികണ്ഠേശ്വരത്ത് ആർ.എസ്.എസ് - ഡി.വൈ.എഫ്.ഐ സംഘർഷത്തിൽ ഏഴ് പൊലീസുകാർ ഉൾപ്പെടെ ഇരുപതോളം പേർക്ക് പരിക്കേറ്റു. ഡി.വൈ.എഫ്. ഐ സ്ഥാപക ദിനത്തോടനുബന്ധിച്ച് മണികണ്ഠേശ്വരം ജംഗ്ഷനിൽ പ്രവർത്തകർ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് വിനീത്, സംസ്ഥാന കമ്മിറ്റി അംഗം പ്രതിൻ സാജ് കൃഷ്ണ എന്നിവരുൾപ്പെടെ 7ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കും 4 ആർ.എസ്.എസ് പ്രവർത്തകർക്കും വട്ടിയൂർക്കാവ് സ്റ്റേഷനിലെ എസ്.ഐ സനോജ് ഉൾപ്പെടെ 7പൊലീസുകാർക്കുമാണ് പരിക്കേറ്റത്. ഇവർ ജനറൽ ആശുപത്രി, മെഡിക്കൽകോളേജ് എന്നിവിടങ്ങളിൽ ചികിത്സയിലാണ്.
സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ സഹോദരപുത്രനാണ് പ്രതിൻ സാജ് കൃഷ്ണ. ബി. ജെ. പി പ്രവർത്തകരായ അക്ഷയ് ( 30 ), പ്രമോദ് ( 37) എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സ്ഥലത്ത് വൻ പൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.
മണികണ്ഠേശ്വരത്ത് ഇന്നലെ രാവിലെ എട്ട മണിയോടെയാണ് സംഘർഷം ആരംഭിച്ചത്.
ആദ്യം സംഘർഷം നടക്കുമ്പോൾ കൺട്രോൾ റൂമിലെ ചുരുക്കം പൊലീസുകാരാണ് സ്ഥലത്തുണ്ടായിരുന്നത്. സംഘർഷം തടയാൻ ശ്രമിക്കുന്നതിനിടെയാണ് വട്ടിയൂർക്കാവ് എ.എസ്.ഐ ഹർഷകുമാർ, സി.പി.ഒ മാരായ സജികുമാർ, ശ്രീജിത്ത് എസ് നായർ തുടങ്ങിയവർക്ക് പരിക്കേറ്റത്. ഡി.വൈ.എഫ്.ഐ പ്രവർത്തകരായ വിനീത്, അൽത്താഫ്, രാജേഷ്, അഭിലാഷ്, അമൽ, വിമൽ, വിനീത്, ആർ.എസ്.എസ് പ്രവർത്തകരായ ബിജു, കണ്ണൻ, മധു, ഉണ്ണികൃഷ്ണൻ തുടങ്ങിയവർക്കും പരിക്കേറ്റു.
സംഘർഷം നടക്കുന്നതറിഞ്ഞ് ഡി.വൈ.എഫ്.ഐ, ബി.ജെ.പി നേതാക്കൾ വൈകിട്ട് 3 മണിയോടെ സ്ഥലത്തെത്തി പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷമുണ്ടാകുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസെത്തി ലാത്തിവീശിയാണ് സ്ഥിതി നിയന്ത്രിച്ചത്.
പൊലീസ് കേസ് രജിസ്റ്രർ ചെയ്തിട്ടുണ്ട്.
കൊടിമരം നശിപ്പിച്ചു, ഭീഷണിപ്പെടുത്തി:ഡി.വൈ.എഫ്.ഐ
സ്ഥാപക ദിനത്തോടനുബന്ധിച്ച് പ്രകടനമായെത്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകർ മണികണ്ഠേശ്വരം ജംഗ്ഷനിൽ കൊടിമരം സ്ഥാപിക്കുകയും പതാക ഉയർത്തുകയും ചെയ്തു. എന്നാൽ രാവിലെ 11ഓടെ ആർ.എസ്.എസ് പ്രവർത്തകർ കൊടിമരം നശിപ്പിക്കുകയും ഭാരവാഹികളെ ഭീഷണിപ്പെടുത്തുകയും ചെയ്തെന്നും ഉച്ചയോടെ വീണ്ടും കൊടിനാട്ടാൻ എത്തിയവരെ അമ്പതോളം ആർ.എസ്.എസ്-ബി.ജെ.പി പ്രവർത്തകർ മാരകായുധങ്ങൾ ഉപയോഗിച്ച് അക്രമിക്കുകയുമായിരുന്നെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു.
ബി.എം.എസിന്റെ വിശ്രമകേന്ദ്രം തകർത്തു:ബി.ജെ.പി
മണികണ്ഠേശ്വരം ചീനിക്കോണത്ത് ബി.എം.എസ് സ്ഥാപിച്ച വിശ്രമകേന്ദ്രം തകർത്തതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് സംഘർഷത്തിൽ കലാശിച്ചതെന്നും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നികിന് സമീപം വച്ച് ആർ.എസ്.എസ് പ്രവർത്തകരായ ബിജു, ഉണ്ണിക്ലഷ്ണൻ എന്നിവരെ ഡി.വൈ.എഫ്.ഐ - സി.പി.എം പ്രവർത്തകർ ക്രൂരമായി മർദ്ദിച്ചെന്നും ബി.ജെ.പി ആരോപിക്കുന്നു.