പാറശാല: പാറശാല വിദ്യാഭ്യാസ ഉപജില്ലാ കലോത്സവം 5 മുതൽ 8 വരെ പാറശാല ഗവ.വൊക്കേഷണൽ ആൻഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കും. കലോത്സവത്തിന് മുന്നോടിയായി 251 പേരടങ്ങുന്ന സ്വാഗത സംഘം രൂപീകരണ യോഗം സ്‌കൂൾ പി.ടി.എ പ്രസിഡന്റ് വി.അരുണിന്റെ അദ്ധ്യക്ഷതയിൽ പാറശാല ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്തു. പാറശാല എ.ഇ.ഒ സെലിൻ ജോസഫ്, പ്രിൻസിപ്പൽ എൽ. രാജാദാസ്, വൈസ് പ്രിൻസിപ്പൽ ജെ.ചന്ദ്രിക, സാമൂഹിക സാസ്കാരിക രംഗത്തെ പ്രമുഖർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലയോര മേഖലയായ അമ്പൂരി മുതൽ കടലോര മേഖലയായ പൊഴിയൂർ വരെയുള്ള 72 സ്‌കൂളുകളിൽ നിന്നും 3000-ൽ പരം കലാപ്രതിഭകൾ കലോത്സവത്തിലെ വിവിധ മത്സരങ്ങളിലായി പങ്കെടുക്കും. കലോത്സവത്തിന്റെ ഉദ്‌ഘാടനം നവംബർ 5 ന് രാവിലെ 10 ന് നടക്കുന്ന സമ്മേളനത്തിൽ കെ.ആൻസലൻ എം.എൽ.എ നിർവഹിക്കും.

ആദ്യ ദിവസമായ നവംബർ 5 ന് രചനാ മത്സരങ്ങളും 6 മുതൽ 8 വരെ തീയതികളിൽ മറ്റ് വിവിധ മത്സരങ്ങളും നടക്കും. നവംബർ 8 ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.സി.കെ.ഹരീന്ദ്രൻ എൽ.എൽ.എ ഉദ്‌ഘാടനം ചെയ്യും.ചലച്ചിത്ര താരം ജോബി ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ഉപജില്ലാ കലോത്സവത്തിന്റെ വിജയകരമായ നടത്തിപ്പിനായി പൊതുപ്രവർത്തകരും അദ്ധ്യാപകരും ഉൾപ്പെടുന്ന 14 ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.