ശ്രീകാര്യം: മൺവിളയിലെ ആകാശവാണി വളപ്പിൽ വീണ്ടും ചന്ദനക്കൊള്ള. വിവിധ വലിപ്പത്തിലുള്ള ലക്ഷങ്ങൾ വിലവരുന്ന മൂന്ന് മരങ്ങളാണ് ഇത്തവണ മോഷണം പോയത്. മരങ്ങൾ മുറിച്ചുകടത്തിയതിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഇന്നലെ രാവിലെ ഷിഫ്റ്റിനെത്തിയ റേഡിയോ നിലയത്തിലെ ജീവനക്കാരാണ് സംഭവം ആദ്യം കാണുന്നത്. അവർ ഉടനേ ശ്രീകാര്യം പൊലീസിലും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരം അറിയിച്ചു. പൊലീസ് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്ക്വാഡ് മണം പിടിച്ച് സെക്യൂരിറ്റി കാബിൻ വഴിയാണ് പുറത്തേക്കു പോയത്. ശനിയാഴ്ച രാത്രിയിലാകാം മോഷണം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രിയിൽ വാഹനത്തിലെത്തിയാണ് സംഘം മോഷണം നടത്തിയത് എന്നാണ് വിലയിരുത്തൽ. എല്ലാ ദിവസവും രാത്രി 9.30 മുതൽ പിറ്റേന്ന് 6 മണി വരെ ഇവിടെ സ്ഥിരമായി സെക്യൂരിറ്റി സംവിധാനമുള്ളതാണ്. മൂന്ന് ഷിഫ്റ്റിലായി ഒരു സീനിയർ എൻജിനിയറിംഗ് അസിസ്റ്റന്റും ഒരു ടെക്നിഷ്യനും മാത്രമാണ് നിലയത്തിലെ ജീവനക്കാർ. സംഭവത്തിൽ പൊലീസും വനംവകുപ്പും അന്വേഷണം ആരംഭിച്ചു.

മോഷണം തുടർക്കഥ

ഏതാനും മാസങ്ങൾക്ക് മുമ്പും ഇവിടെ നിന്ന് ലക്ഷങ്ങൾ വിലവരുന്ന ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. പ്രക്ഷേപണ കേന്ദ്രവും വർഷങ്ങളായി അടച്ചിട്ടിരിക്കുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്സും ഉൾപ്പെടുന്ന ആകാശവാണി വളപ്പിൽ ഇനിയും ഒട്ടേറെ ചന്ദനമരങ്ങളുണ്ട്. ഇവയും ഏതു നിമിഷവും നഷ്ടപ്പെടാം. ഇവിടെ എത്ര ചന്ദന മരങ്ങൾ ഉണ്ടെന്നുള്ള വിവരം വനംവകുപ്പിന്റെ പക്കലോ ആകാശവാണി നിലയത്തിലോ ഇല്ല. മോഷണം നടക്കുമ്പോൾ മാത്രമാണ് നഷ്ടപ്പെട്ടത് ചന്ദനമരമാണെന്നറിയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചെങ്കിലും ഒരു തുമ്പും ഇതുവരെ കണ്ടെത്താനായില്ല. ഈ ആക്ഷേപം നിലനിൽക്കെയാണ് വീണ്ടും മോഷണം. ആഴ്ചകൾക്ക് മുമ്പ് സി.ഇ.ടി കാമ്പസിൽ നിന്ന ചന്ദനമരം മുറിച്ചുകടത്തിയിരുന്നു. എന്നാൽ ഇതുസംബന്ധിച്ച് വനം വകുപ്പിൽ നിന്ന് റിപ്പോർട്ട് കിട്ടിയില്ലെന്നാണ് ശ്രീകാര്യം സി.ഐ അഭിലാഷ് ഡേവിഡ് പറയുന്നത്. ശ്രീകാര്യത്തെ സർക്കാർ എൻജിനിയറിംഗ് കോളേജ് ഗ്രൗണ്ടിന് സമീപത്തെ സിവിൽ ഡിപ്പാർട്ട്മെന്റിന് എതിർവശത്ത് നിന്ന ചന്ദനമരമാണ് അന്ന് മുറിച്ച് കടത്തിയത്. മോഷണം നടന്ന് മൂന്നു ദിവസം കഴിഞ്ഞാണ് സംഭവം കോളേജ് അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്. ജില്ലയുടെ വിവിധ സർക്കാർ മന്ദിരങ്ങളിലെയും സ്ഥാപനങ്ങളിലെയും പഴക്കം ചെന്ന ചന്ദനമരങ്ങൾ വ്യാപകമായി മുറിച്ചുകടത്തിയിട്ടും ഇതുവരെ ഒരാളെയും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ മൂക്കിന് താഴെയുള്ള റവന്യു, സ്വകാര്യ ഭൂമികളിൽ നിന്ന് വൻ തോതിൽ ചന്ദനമരങ്ങൾ മുറിച്ചുകടത്തുന്ന സംഘങ്ങൾ സജീവമായിട്ടും അന്വേഷണം ഫലപ്രദമാകുന്നില്ലെന്ന പരാതി നിലനിൽക്കെയാണ് ഈ സംഭവം.