uapa
uapa

തിരുവനന്തപുരം: കോഴിക്കോട് കേസിൽ യു.എ.പി.എ ചുമത്തരുതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്. യുവാക്കളെ പൊലീസ് അറസ്റ്റു ചെയ്ത് യു.എ.പി.എ ചുമത്തിയ നടപടി ഇടതു സർക്കാരിനെതിരെ തിരിച്ചുവിടാനുള്ള പ്രചരണങ്ങൾ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ളതാണ്. കേന്ദ്രസർക്കാർ ഈ നിയമം പാസാക്കുമ്പോൾ സി.പി.എം നിശിതമായി എതിർത്തിരുന്നു. ഈ സംഭവത്തിലാകട്ടെ പൊലീസ് അധികൃതരിൽ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിട്ടുള്ളതാണ്. പൊലീസ് യു.എ.പി.എ നിയമം നടപ്പിലാക്കാൻ ശ്രമിച്ച സന്ദർഭങ്ങളിലെല്ലാം എൽ.ഡി.എഫ് സർക്കാർ അതിന് അനുമതി നിഷേധിക്കുകയാണ് ചെയ്തത്. എൽ.ഡി.എഫ് ഭരണത്തിൽ ഒരു നിരപരാധിക്കും നേരെ യു.എ.പി.എ ചുമത്തുമെന്ന് കരുതാനാവില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

അതേസമയം, വിവാദ വിഷയത്തിൽ കേന്ദ്ര നേതൃത്വം ഇടപെട്ടതിനെ തുടർന്നാണ് പാർട്ടി നിലപാട് വ്യക്തിമാക്കി സെക്രട്ടറിയേറ്റ് പ്രസ്താവന പുറപ്പെടുവിച്ചതെന്നാണ് അറിയുന്നത്. സി.പി.ഐക്കു പുറമെ സി.പി.എമ്മിലെ തന്നെ പല മുതിർന്ന നേതാക്കളും പൊലീസ് നടപടിയെ വിമർശിച്ച് പരസ്യമായി രംഗത്തെത്തിയതോടെയാണ് നേതൃത്വത്തിന്റെ ഇടപെടൽ.