aguro
aguro

2-1 എന്ന സ്കോറിന് മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ലിവർപൂൾ എന്നിവർക്ക് വിജയം

ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ കഴിഞ്ഞ രാത്രി നടന്ന മത്സരങ്ങളിൽ പ്രമുഖ ക്ളബുകളായ മാഞ്ചസ്റ്റർ സിറ്റി, ലിവർപൂൾ, ചെൽസി എന്നിവർ വിജയം സ്വന്തമാക്കിയപ്പോൾ ആഴ്സനൽ 1-1ന് വോൾവർ ഹാംപ്ടണുമായി സമനിലയിൽ പിരിഞ്ഞു.

നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സതാംപ്ടണിനെയാണ് കീഴടക്കിയത്. 13-ാം മിനിട്ടിൽ വാർഡ് പ്രോപ്സിലൂടെ മുന്നിലെത്തിയിരുന്ന സതാംപ്ടണിനെ 70-ാം മിനിട്ടിൽ അഗ്യൂറോയുടെയും 86-ാം മിനിട്ടിൽ കൈൽവാക്കറുടെയും ഗോളുകൾക്കാണ് പെപ്ഗ്വാർഡിയോളയുടെ ശിഷ്യർ കീഴടക്കിയത്.

ആസ്റ്റൺ വില്ലയ്ക്കെതിരെ ലിവർപൂളും ഒരു ഗോളിന് 87-ാം മിനിട്ടുവരെ പിന്നിട്ടുനിന്ന ശേഷമാണ് വിജയം കണ്ടത്. 21-ാം മിനിട്ടിൽ ട്രെസിഗ്വെയുടെ ഗോളിലാണ് ആസ്റ്റൺ വില്ല മുന്നിലെത്തിയിരുന്നത്. 87-ാം മിനിട്ടിൽ റോബർട്ട്സണും ഇൻജുറി ടൈമിൽ സാഡിയാ മാനേയുമാണ് ലിവർപൂളിനായി സ്കോർ ചെയ്തത്. മത്സരത്തിൽ റോബർട്ടോ ഫിർമിനോ ലിവർപൂളിനെ സമനിലയിലെത്തിച്ചെങ്കിലും വീഡിയോ റഫറൽ പരിശോധനയിൽ ഫിർമിനോയുടെ തോൾഭാഗം ഒഫ് സൈഡ് പൊസിഷനിലായതിനാൽ ഗോൾ അനുവദിച്ചിരുന്നില്ല.

ചെൽസി 2-1 എന്ന സ്കോറിന് വാറ്റ് ഫോർഡിനെയാണ് കീഴടക്കിയത്. അഞ്ചാം മിനിട്ടിൽ ടാമി അബ്രഹാമും 55-ാം മിനിട്ടിൽ പുലിസിച്ചുമാണ് ചെൽസിക്കുവേണ്ടി സ്കോർ ചെയ്തത്. 80-ാം മിനിട്ടിൽ പെനാൽറ്റിയിൽ നിന്നാണ് വാറ്റ്ഫോർഡ് ആശ്വാസഗോൾ നേടിയത്. വോൾവറിനെതിരെ 21-ാം മിനിട്ടിൽപോൾ ഒൗബമയാംഗിന്റെ ഗോളിലൂടെ മുന്നിലെത്തിയിരുന്ന ആഴ്സനലിനെ 76-ാം മിനിട്ടിൽ ജിമേനസിന്റെ ഗോളാണ് സമനിലയിൽ കുരുക്കിയത്.

പോയിന്റ് നില

ക്ളബ്, കളി, പോയിന്റ് ക്രമത്തിൽ

ലിവർപൂൾ 11-31

മാഞ്ചസ്റ്റർ സിറ്റി 11-25

ചെൽസി 11-23

ലെസ്റ്റ്സിറ്റി 10-20

ആഴ്സനൽ 11-17

സ്പാനിഷ് ലാലിഗ

അവസരം മുതലാക്കാനാകാതെ

റയലും അത്‌ലറ്റിക്കോയും

മാഡ്രിഡ് : കഴിഞ്ഞദിവസം ഒന്നാമൻമാരായ ബാഴ്സലോണയെ ലെവാന്റെ 3-1ന് അട്ടിമറിച്ചപ്പോൾ പോയിന്റ് പട്ടികയിൽ മുന്നിലെത്താൻ ലഭിച്ച സാദ്ധ്യതകൾ പ്രയോജനപ്പെടുത്താതെ സമനിലകൾ വഴങ്ങി റയൽ മാഡ്രിഡും അത്‌ലറ്റിക്കോ മാഡ്രിഡും. ബാഴ്സയുടെ തോൽവിക്ക് പിന്നാലെ റയൽ മാഡ്രിഡ് റയൽ ബെറ്റ്‌സിനോട് ഗോളടിക്കാതെയും അത്‌ലറ്റിക്കോ മാഡ്രിഡ് സെവിയ്യയോട് ഒരു ഗോളടിച്ചും സമനിലയിൽ പിരിയുകയായിരുന്നു.

11 മത്സരങ്ങളിൽ നിന്ന് 22 പോയിന്റുമായി ബാഴ്സലോണ തന്നെയാണ് ഇപ്പോഴും ഒന്നാംസ്ഥാനത്ത്. റയൽ മാഡ്രിഡ് 22 പോയിന്റുമായി രണ്ടാംസ്ഥാനത്തും അത്‌ലറ്റിക്കോ മാഡ്രിഡ് 21 പോയിന്റുമായി മൂന്നാം സ്ഥാനത്തുമുണ്ട്. നാലാം സ്ഥാനത്തുള്ള സെവിയ്യയ്ക്കും 21 പോയിന്റുണ്ട്.

ഇറ്റാലിയൻ സെരി എ

യുവന്റസ് തന്നെ മുന്നിൽ

ടൂറിൻ : ഇറ്റാലിയൻ സെമി എ ഫുട്ബാളിൽ അയൽക്കാരായ ടോറിനോയെ ഏകപക്ഷീയമായ ഒരു ഗോളിന് കീഴടക്കി നിലവിലെ ചാമ്പ്യൻമാരായ യുവന്റസ് ഒന്നാംസ്ഥാനത്ത് തുടരുന്നു. 70-ാം മിനിട്ടിൽ മത്തീസ്‌ഡിലൈറ്റാണ് യുവയുടെ ഗോൾ സ്കോർ ചെയ്തത്. ഇൗ വിജയത്തോടെ യുവന്റസിന് സീസണിൽ 11 മത്സരങ്ങളിൽനിന്ന് 29 പോയിന്റായി. കഴിഞ്ഞരാത്രി നടന്ന മറ്റൊരു മത്സരത്തിൽ ബൊളോഞ്ഞയെ 2-1ന് കീഴടക്കിയ ഇന്റർമിലാൻ 28 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്.